സ്വന്തം ലേഖകൻ
ടെഹ്രാൻ: ഇറാനിൽ 180 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ടെഹ്രാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ഉടനെയാണ് യുക്രൈൻ വിമാനം തകർന്ന് വീണത്. ബോയിങ് 737 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ.
സാങ്കേതിക തകരാർമൂലമാണ് പറന്ന് ഉയർന്ന ഉടനെ വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 180പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎസ് – ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിമാന അപകടം നടന്നിരിക്കുന്നത്. എന്നാൽ ഈ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ.