ജെ.എൻ.യു സംഘർഷം : വൈസ് ചാൻസലർ ഭീരുവിനെപോലെ പെരുമാറി ; വി.സി രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് വിദ്യാർഥി യൂണിയൻ. ആക്രമണത്തിന് പിന്നിൽ എ.ബി.വിപിയെന്ന് ആവർത്തിച്ച വിദ്യാർഥികൾ, പൊലീസ് അക്രമികൾക്കൊപ്പമാണ് നിന്നതെന്നും പറഞ്ഞു.
വൈസ് ചാൻസലർ ഭീരുവിനെ പോലെ പെരുമാറി. ജെ.എൻ.യുവിലെ ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി.സി രാജിവെക്കും വരെ സമരം തുടരുമെന്നും യൂണിയൻ വ്യക്തമാക്കി. വി.സി രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ മാനവശേഷി മന്ത്രാലയം തയാറാകണമെന്ന്‌യൂനിയൻ ആവശ്യപ്പെട്ടു. സർവകലാശാലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെ.എൻ.യുവിൽ ഞായറാഴ്ചയുണ്ടായ ആക്രണമണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെ.എൻ.യുവിൽ നടന്ന വ്യാപക അക്രമങ്ങളിൽ ഇരുപതിലധികം വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.