Spread the love

കറ്റാനം: ബൈക്കിലെത്തിയയാള്‍ സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്നു പവന്റെ താലിമാല പൊട്ടിച്ചെടുത്തു കടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കറ്റാനം ചാത്തവന അബുവിന്റെ ഭാര്യ വസന്തകുമാരി (50) യുടെ മാലയാണ് കവർന്നത്. ആക്രമണത്തില്‍ സ്കൂട്ടറില്‍ നിന്നു തെറിച്ചുവീണ വസന്തകുമാരിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. വീഴ്ചയുടെ ആഘാതത്തില്‍ പല്ലിളകുകയും ചെയ്തിട്ടുണ്ട്. ഇവരെ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ കറ്റാനം-മാവേലിക്കര റോഡില്‍ ഭരണിക്കാവ് ഇല്ലത്തുമുക്കിനു സമീപമായിരുന്നു സംഭവം. മാവേലിക്കര കല്ലുമലയിലുള്ള കുടുംബവീട്ടില്‍ പോയി സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു വസന്തകുമാരി. ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ യുവാവ് ഇവരെ പിന്തുടരുകയും കഴുത്തിന് പിന്നില്‍ ശക്തമായി അടിച്ച ശേഷം മാല പൊട്ടിക്കുകയുമായിരുന്നു. അടിയേറ്റ വസന്തകുമാരി നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് ബൈക്കില്‍ അതിവേഗം രക്ഷപ്പെട്ടു.

കുറത്തികാട് പോലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. സംഭവത്തിന് തൊട്ടുമുൻപ് പ്രതി കറ്റാനത്തുനിന്ന് ബൈക്കില്‍ പോകുന്നതിന്റെയും മാല കവർന്ന ശേഷം രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വസന്തകുമാരിയുടെ സ്കൂട്ടറിനും വീഴ്ചയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group