Wednesday, April 22, 2026

സുരക്ഷിതവും സുഗമവുമായ ശബരിമല തീര്‍ഥാടനം സാധ്യമാക്കും; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റും കണ്‍ട്രോള്‍ റൂമും തുറക്കും; പട്ടിത്താനം-മണര്‍കാട്‌ ബൈപ്പാസില്‍ 1.8 കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്‌ഥാപിക്കാന്‍ 99 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി വി.എന്‍. വാസവന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പട്ടിത്താനം-മണര്‍കാട്‌ ബൈപ്പാസില്‍ 1.8 കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്‌ഥാപിക്കാന്‍ 99 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി വി.എന്‍. വാസവന്‍.  റോഡ്‌ സേഫ്‌റ്റി അതോറിറ്റി മുഖേനയാണ്‌ പദ്ധതി നടപ്പാക്കുക. സുരക്ഷിതവും സുഗമവുമായ ശബരിമല തീര്‍ഥാടനം സാധ്യമാക്കാന്‍ വകുപ്പുകള്‍ സജ്‌ജമായതായും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സുരക്ഷയുടെ ഭാഗമായി നവംബര്‍ 15 മുതല്‍ ഏറ്റുമാനൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റും കണ്‍ട്രോള്‍ റൂമും തുറക്കും. നിരീക്ഷണ കാമറകളും ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടി.വികളും വഴി നിരീക്ഷണം ശക്‌തമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും ആരംഭിക്കും. ഓടകള്‍ അടിയന്തരമായി വൃത്തിയാക്കാനും ജലമൊഴുക്ക്‌ സുഗമമാക്കാനും നടപടി സ്വീകരിക്കാന്‍ നഗരസഭയ്‌ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. ശുദ്ധജലം, സാനിട്ടേഷന്‍ സൗകര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, പാര്‍ക്കിംഗ്‌ സൗകര്യം എന്നിവ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ നിര്‍ദ്ദേശം നല്‍കി.

ആരോഗ്യവകുപ്പ്‌ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. മെഡിക്കല്‍ കോളജ്‌, ജില്ലാ ആശുപത്രി, താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കും. കുടിവെള്ള സ്രോതസിന്റെ പരിശോധന, സാനിറ്റേഷന്‍, ക്ലോറിനേഷന്‍ എന്നിവ ആരോഗ്യവകുപ്പും ജല അതോറിറ്റിയും ചേര്‍ന്ന്‌ നടപ്പാക്കും.

ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കി സുഖകരമായ ക്ഷേത്രദര്‍ശനത്തിന്‌ സൗകര്യമൊരുക്കാന്‍ പൊലീസിനെയും ദേവസ്വം ബോര്‍ഡിനെയും ചുമതലപ്പെടുത്തി. ക്ഷേത്രത്തിനു സമീപമുള്ള ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും ഉടമസ്‌ഥതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

ആവശ്യമായ വെളിച്ചസംവിധാനം നഗരസഭയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ ഒരുക്കും. തീര്‍ഥാടകര്‍ക്കായി 34 ടോയ്‌ലറ്റുകള്‍, 13 യൂറിന്‍ ഷെഡുകള്‍,19 ബാത്ത്‌ റൂം എന്നിവ ദേവസ്വം ബോര്‍ഡ്‌ ഒരുക്കും. താല്‍ക്കാലിക സ്‌റ്റാളുകള്‍ അനുവദിക്കുമ്ബോള്‍ ഇവിടെനിന്നുള്ള മാലിന്യം നിര്‍മ്മാര്‍ജ്‌ം ചെയ്യുന്നതിന്റെ പൂര്‍ണഉത്തരവാദിത്തം സ്‌റ്റാള്‍ നടത്തിപ്പുകാര്‍ക്ക്‌ നല്‍കി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കലക്‌ടര്‍ വി. വിഗ്‌നേശ്വരി നിര്‍ദ്ദേശം നല്‍കി.

തോമസ്‌ ചാഴികാടന്‍ എം.പി., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ബിന്ദു, ജില്ലാ കളക്‌ടര്‍ വി. വിഗ്‌നേശ്വരി, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്‌, എ.ഡി.എം. ജി. നിര്‍മല്‍കുമാര്‍, ആര്‍.ഡി.ഒ. വിനോദ്‌ രാജ്‌, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.