ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള കൊടുങ്കാറ്റ്; ഇടുക്കിയിൽ വ്യാപക നാശനഷ്ടം, നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു, റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു, വീടിന്റെ ഓട് പാതിയും കാറ്റില്‍ പറന്നു പോയി
തൊടുപുഴ: കനത്ത മഴയും കൊടുങ്കാറ്റും ഇടുക്കിയിലെ കുമാരമംഗല പഞ്ചായത്ത് മേഖലകളില്‍ ഉണ്ടാക്കിയത് വ്യാപക നാശനഷ്ടം. നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ നാല്, അഞ്ച് വാർഡുകളിലും പരക്കെ നാശം വിതച്ചു.
നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണു. കുമാരമംഗലം പഞ്ചായത്തിലെ നാലാം വാർഡില്‍ പെരുമ്പിള്ളിച്ചിറ- കറുക റോഡിന് ഇരുവശമുള്ള മരങ്ങള്‍ വൻതോതില്‍ കടപുഴകി.
കൊണ്ടൂർ ജോർജ്ജിന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകർന്നു. ഓട് പാതിയും കാറ്റില്‍ പറന്നു പോയി. തൊട്ടടുത്ത പുരയിടത്തിലെ ആഞ്ഞിലി മരം മതിലിനും ഗേറ്റിനും മുകളിലേക്ക് വീണു. പുരയിടത്തിലെ പുളിമരവും കടപുഴകി വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനിക്കുഴിയില്‍ ജോർജ്ജ് വർക്കിയുടെ വീടിന് മുകളിലേക്ക് തേക്ക്, ആഞ്ഞിലി, റബർ മരങ്ങള്‍ വീണു. കാർ ഷെഡ് പൂർണമായും തകർന്നെങ്കിലും കാറിന് കേടുപാടുകളില്ല. മരം വീണ് വീട്ടിലെ വാട്ടർ ടാങ്ക് പൊട്ടിപ്പോയി. മേല്‍ക്കൂരയില്‍ ഓടുള്ള ഭാഗം തകർന്നു. ഭാഗ്യത്തിന് കുടുംബാംഗങ്ങള്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
വില്ലേജ് ഓഫീസറായ കറുക മണക്കയത്തില്‍ ഫസലുദ്ദീന്റെ വീടിന്റെ മേല്‍ക്കൂരയും റബർ മരം വീണ് തകർന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന് എം.എച്ച്. മുനീറിന്റെ വീടിന് മുകളിലേക്കും മരം കടപുഴകി വീണു. തൊടുപുഴ ഫയർഫോഴ്സില്‍ നിന്നുള്ള മൂന്ന് ടീമുകളുടെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.
തിങ്കള്‍ ഉച്ചയോടെയാണ് സംഭവം. മഴയ്ക്കൊപ്പം ഒരു മിനിട്ടില്‍ താഴെ നേരം മാത്രമാണ് ശക്തമായ കാറ്റ് ആഞ്ഞ് വീശിയത്. തൊടുപുഴ- ഏഴല്ലൂർ റോഡില്‍ കറുക ഭാഗത്ത് രണ്ടിടങ്ങളിലായി വലിയ രണ്ട് മരങ്ങള്‍ കടപുഴകി വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു.
പിന്നീട് തൊടുപുഴയില്‍ അഗ്നിരക്ഷാ സേനയെത്തിയാണ് ഇവ വെട്ടിമാറ്റിയത്. കൊതകുത്തി അണ്ണാമലൈ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. ഉരിയിരിക്കുന്ന്, മടക്കത്താനം, നാഗപ്പുഴ എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി.
മടക്കത്താനത്ത് മൂവാറ്റുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും നാഗപ്പുഴയില്‍ കല്ലൂർക്കാട് നിന്നുള്ള അഗ്നി രക്ഷാസേനയും എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.