
ചെന്നൈ: കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച കേസില്‍ കേരള പൊലീസിലെ 7 ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.
ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇത്തരം അതീവ ഗുരുതരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2017-ല്‍ ദിണ്ടിഗലില്‍ തമിഴ്‌നാട് സ്വദേശി മൊക്കയ്യൻ കൈവിലങ്ങുകളോടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള പൊലീസിന്റെ നാർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങള്‍ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി തള്ളിയത്.
കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് വേണം അത് ചെയ്യാനെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികളില്‍ നിന്നോ നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവരില്‍ നിന്നോ ഉണ്ടാകുന്ന നിയമലംഘനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിധിയില്‍ കോടതി നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിണ്ടിഗലിലുള്ള ഭാര്യാസഹോദരന്റെ പറമ്പിലെ കിണറ്റില്‍ 2017 ഓഗസ്റ്റ് 27-നാണ് മൊക്കയ്യന്റെ മൃതദേഹം കണ്ടെത്തുന്നത്. കൈവിലങ്ങണിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതേത്തുടർന്ന് തമിഴ്‌നാട് പൊലീസ് കസ്റ്റഡി മരണത്തിന് കേസെടുത്തു.
2018-ല്‍ അന്വേഷണം സിബി-സിഐഡിക്ക് (CB-CID) കൈമാറി. കേരള പൊലീസിനെ ഏഴ് പേർക്കെതിരെ ഐപിസി 166A(a), 167, 202, 330, 348 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സിബി-സിഐഡി കുറ്റപത്രം സമർപ്പിച്ചു.







