Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ).

video
play-sharp-fill

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്ന സംഘടന സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഈ ആശങ്ക അറിയിച്ചത്.

ഇന്ധനവില വർധിക്കുന്ന സാഹചര്യത്തില്‍ വിമാന സർവീസുകള്‍ നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കി. ഇന്ത്യയിലെ എയർലൈൻ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രവർത്തനങ്ങള്‍ നിർത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എഫ്‌ഐ‌എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവല്‍ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ സർക്കാരിനെ അറിയിച്ചു. യുദ്ധ സാഹചര്യവും വിമാന ഇന്ധനത്തിന്റെ (ATF) വിലയിലുണ്ടായ അമിതമായ വർദ്ധനയുമാണ് വ്യോമയാന മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്.

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 55-60 ശതമാനമായി വർദ്ധിച്ചതായി കമ്പനികള്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയത് ഇന്ധന ഇറക്കുമതി ചെലവ് വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ആഭ്യന്തര സർവീസുകള്‍ക്കുള്ള ഇന്ധനവില വർദ്ധന ലിറ്ററിന് 15 രൂപയായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ ലിറ്ററിന് 73 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് അന്താരാഷ്ട്ര സർവീസുകള്‍ ലാഭകരമല്ലാതാക്കി മാറ്റിയെന്ന് എഫ്.ഐ.എ ചൂണ്ടിക്കാട്ടുന്നു. വിദേശ വിമാനക്കമ്പനികളുമായുള്ള മത്സരത്തില്‍ ഇന്ത്യൻ കമ്പനികള്‍ വൻ തിരിച്ചടി നേരിടുകയാണ്.

പ്രതിസന്ധി മറികടക്കാൻ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്സൈസ് ഡ്യൂട്ടി താല്‍ക്കാലികമായി നീക്കം ചെയ്യണമെന്നും, ഇന്ധനവില കുറയ്ക്കുന്നതിനും ആഭ്യന്തര-അന്താരാഷ്ട്ര നിരക്കുകള്‍ തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനും സർക്കാർ ഇടപെടണമെന്നുമാണ് എഫ്‌ഐ‌എ ആവശ്യപ്പെടുന്നത്. അടിയന്തര ധനസഹായവും നയപരമായ ഇടപെടലുകളും ഉണ്ടായില്ലെങ്കില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്നും ഇത് യാത്രക്കാരെയും രാജ്യത്തെ വ്യാപാര മേഖലയെയും ഗുരുതരമായി ബാധിക്കുമെന്നും എഫ്‌ഐഎ വ്യക്തമാക്കി.