play-sharp-fill
കേരളത്തിൽ കാലവർഷമെത്തി; 14 ജില്ലകളിലും യെല്ലോ അർട്ട്, ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

കേരളത്തിൽ കാലവർഷമെത്തി; 14 ജില്ലകളിലും യെല്ലോ അർട്ട്, ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂണ്‍ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നി‍ർദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. ചേർത്തല പള്ളിപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥൻ മരിച്ചു. ഇടത്തട്ടില്‍ അശോകനാണ് (65) മരിച്ചത്. റോഡിനോട് ചേർന്ന് പാടശേഖരത്തില്‍ വീണാണ് അപകടം ഉണ്ടായത്. അതേസമയം, കൊച്ചിയില്‍ രാത്രി മഴ മാറി നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവില്‍ കുറഞ്ഞ് വരികയാണ്. ജില്ലയില്‍ നിലവില്‍ 5 ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിരിക്കുന്നത്. വിവിധ ക്യാമ്ബുകളിലായി 116 പേരാണ് ആകെയുള്ളത്. വാഴക്കാല മേരി മാതാ സ്കൂളിലെ ക്യാമ്ബിലാണ് കൂടുതല്‍ പേരുള്ളത്. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ രാവിലെയോടെ വെള്ളമിറങ്ങി. മഴ കുറഞ്ഞതോടെ പത്തനംതിട്ട ജില്ലയില്‍ അപ്പർ കുട്ടനാട് മേഖലയില്‍ ഉള്‍പ്പെടെ സ്ഥിതി ശാന്തമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ പക്ഷെ വെള്ളക്കെട്ട് രൂക്ഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയില്‍ തൃശ്ശൂര്‍ പെരിഞ്ഞനത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇരുപത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരിഞ്ഞനം ഗവ. യു.പി സ്കൂളിലാണ് ക്യാമ്ബ് തുറന്നത്. മുപ്പത് പേരാണ് ഇപ്പോള്‍ ക്യാമ്ബില്‍ ഉള്ളത്. പത്ത് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. ദേശീയപാതയുടെ മൂന്നുപീടിക ബൈപാസ് കടന്നുപോകുന്ന പ്രദേശത്തുള്ളവരാണ് കൂടുതല്‍ കുടുംബങ്ങളും. കമ്യൂണിറ്റി ഹാള്‍ പരിസരം, പള്ളിയില്‍ അമ്ബലം പടിഞ്ഞാറ് ഭാഗം, കൊറ്റംകുളം പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളം ഒഴുകി പോകുന്ന കാനകള്‍ മൂടി പോയതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പറഞ്ഞു.