
28ആം വയസില്‍ സ്വന്തം സഹോദരനെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായ പ്രതിയുടെ അപ്പീല്‍ തീർപ്പാക്കിയത് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കൊല്ലം ഫെബ്രുവരിയിൽ. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ അസാധാരണ നടപടി. പിന്നാലെ അലഹബാദ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തി. കൊലക്കേസ് പ്രതിയുടെ അപ്പീല്‍ 40 വര്‍ഷമായിട്ടും തീര്‍പ്പാക്കാത്തതിനാണ് രൂക്ഷ വിമര്‍ശനം. പിഡബ്ല്യുഡി ബെഞ്ച് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, എ എസ് ചന്ദ്രുകര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്‍ശനം. കേസുകള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ എന്ത് നൂതന നടപടികളാണ് ആവശ്യമെന്നും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ചോദിച്ചു.
1983ലെ കേസാണ് ഇപ്പോഴും തീര്‍പ്പാകാതെ നില്‍ക്കുന്നത്. അന്ന് 28ാം വയസില്‍ സ്വന്തം സഹോദരനെ വെടിവെച്ച് കൊന്ന കേസില്‍ അറസറ്റിലായ വിജയ് സിങ്ങിന്റെ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസില്‍ 1985ല്‍ വിജയ് സിങ്ങിനെ കാന്‍പുരിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ സിങ് നല്‍കിയ അപ്പീല്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ് തീര്‍പ്പാക്കിയത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്പീല്‍ ഹൈക്കോടതി തള്ളി. കൊലക്കേസില്‍ വിജയ് സിങ്ങിന് മൂന്നുമാസം മാത്രമേ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നുള്ളു. ബാക്കി മുഴുവന്‍ വര്‍ഷവും ജാമ്യത്തിലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ ഇയാള്‍ക്ക് 72 വയസാണ്. സുപ്രീം കോടതിയിലെ അപ്പീല്‍ തീര്‍പ്പാകും വരെ ജാമ്യം തുടരാമെന്ന് ബെഞ്ച് വ്യക്തമാക്കി.






