Spread the love

പാലാ: പാലാ നഗരസഭാ ചെയർപേഴ്സണ്‍ന്റെ വാച്ചും ചേംബറിലിരുന്ന ഫയലും ഭരണപക്ഷ കൗണ്‍സിലർ ബിജു മാത്യൂസ് മോഷ്ടിച്ചതായി ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭാ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പാലാ ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കി. തന്റെ ചേംബറിലെ മേശയിലെ ഡ്രോയില്‍ മറന്നുവച്ച വിലപിടിപ്പുള്ള വാച്ചും വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള ഫയലുമാണ് നഷ്ടപ്പെട്ടതെന്ന് ദിയ നല്‍കിയ പരാതിയില്‍ പറയുന്നു. ഓഫീസില്‍ നിന്നും മൂന്നുമണിയോടുകൂടി ഊണുകഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു.

video
play-sharp-fill

അഞ്ചേകാലോടുകൂടി നഗരസഭാ കൗണ്‍സിലർ ബിജു മാത്യൂസും പൊലീസുകാർ എന്ന് പരിചയപ്പെടുത്തിയ മൂന്നുപേരും ചെയർപേഴ്‌സണ്‍ന്റെ ചേംബർ തന്നെയോ നഗരസഭാ സെക്രട്ടറിയെയോ അറിയിക്കാതെ പ്യൂണിനെക്കൊണ്ട് തുറപ്പിച്ചു. വിവരമറിഞ്ഞ് 5.40ഓടുകൂടി നഗരസഭയില്‍ എത്തി മേശ പരിശോധിച്ചപ്പോഴാണ് ഡ്രോയിലുണ്ടായിരുന്ന ഫയലും വാച്ചും നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് ചെയർപേഴ്സണ്‍ ദിയ പറയുന്നു.

താൻ വന്നപ്പോള്‍ ബിജു മാത്യൂസ് സെക്രട്ടറിയുടെ ഓഫീസിന് സമീപം നില്‍ക്കുന്നുണ്ടായിരുന്നുവെന്നും ദിയയുടെ പരാതിയിലുണ്ട്. ബിജുവിന്റെ കൈയ്യില്‍ ഒരു ഫയല്‍ ഉണ്ടായിരുന്നതായും ദിയ പറയുന്നു. താൻ ചെയർപേഴ്സണായതിലുള്ള അസഹിഷ്ണുതയും വെറുപ്പും കാരണം ഔദ്യോഗിക കൃത്യനിർവ്വഹണത്തില്‍ പാളിച്ചയുണ്ടായി എന്ന് വരുത്തി തീർക്കുന്നതിനാണ് ബിജു മാത്യൂസ് ഫയല്‍ മോഷ്ടിച്ചതെന്നും ദിയ പരാതിയില്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമംപാലിക്കാതെനിയമപാലകർ!
കേസന്വേഷണത്തിന്റെ ഭാഗമായി ആണെങ്കില്‍പോലും പൊലീസിന് മുൻസിപ്പല്‍ ചെയർപേഴ്സണ്‍ന്റെ മുറിയില്‍ കയറണമെങ്കില്‍ കസ്റ്റോഡിയനായ മുൻസിപ്പല്‍ സെക്രട്ടറിയുടെ അറിവും സമ്മതവും വേണ്ടതാണ്. എന്നാല്‍ ഇതുണ്ടായില്ലെന്ന് മുൻസിപ്പല്‍ സെക്രട്ടറി എം. ആകാശ് പറയുന്നു.മാത്രമല്ല മുൻസിപ്പല്‍ ചെയർപേഴ്സണ്‍ മുറിയില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പോലീസിന്റെ അതിക്രമിച്ചു കയറ്റം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആകാശ് പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ മുൻസിപ്പല്‍ കൗണ്‍സിലർ ബിജു മാത്യുസിനെ ചേമ്പറില്‍ വച്ച്‌ കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ തെളിവെടുക്കുന്നതിനാണ് തങ്ങള്‍ ചെന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.മൊഴി എടുക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതിനാല്‍ കൂടെ പോയതാണെന്നും ചെയർപേഴ്സണ്‍ന്റെ മുറിയില്‍ കയറിയതല്ലാതെ മോഷണം നടന്നിട്ടില്ലെന്നും ബിജു മാത്യൂസ് പറഞ്ഞു.സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചു വരുന്നതായി പാലാ ഡിവൈ.എസ്.പി. കെ സദൻ അറിയിച്ചു