വെള്ളംകുടിമുട്ടിയിട്ട് മൂന്ന് മാസം! പള്ളം, പാക്കിൽ, മാവിളങ്ങ് ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം; എത്രയും പെട്ടെന്ന് ശുദ്ധജല പദ്ധതി പൂർത്തിയാക്കണം; നാട്ടുകാർ

Spread the love

കോട്ടയം: പള്ളം, പാക്കിൽ, മാവിളങ്ങ് ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് 3 മാസം പിന്നിടുന്നു.

video
play-sharp-fill

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിയ ശേഷം പിന്നീട് ഇന്നു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി നാട്ടുകാർ. ജലത്തിനായി സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഇവർ അമിതവില ഈടാക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു.

ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്തേക്കു വെള്ളം കടത്തിവിടുന്നില്ലെന്നാണു ജലഅതോറിറ്റി അധികൃതരിൽനിന്നു ലഭിക്കുന്ന മറുപടി. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് വേനൽക്കാലം എത്തുന്നതിനു മുൻപ് തന്നെ ക്രമാതീതമായ അളവിൽ താഴ്ന്നുതുടങ്ങി. ജനങ്ങൾ ആശങ്കയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ ഉയർന്ന ഭൂപ്രകൃതിയുള്ള നാട്ടകം, പള്ളം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. ശുദ്ധജലം ദിവസവും ഒരു നേരമെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രദേശത്തെ ജലദൗർലഭ്യത്തിനു പരിഹാരം കാണുന്നതിനായി മുൻ നഗരസഭാംഗം സാബു പള്ളിവാതുക്കൽ പാക്കിൽ – മാവിളങ്ങ് റോഡിൽ 28–ാം കവലയിൽ ജലസംഭരണി സ്ഥാപിച്ചെങ്കിലും ജലസ്രോതസ്സ് കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ പദ്ധതി പൂർത്തിയായില്ല. ജലത്തിനായി രണ്ടിടത്തു കുഴൽക്കിണർ കുഴിച്ചെങ്കിലും ജലം ലഭിക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

മുടങ്ങിക്കിടക്കുന്ന നാട്ടകം ശുദ്ധജല വിതരണ പദ്ധതി പൂർത്തിയായെങ്കിൽ മാത്രമേ ഇവിടെ ജലക്ഷാമത്തിനു പരിഹാരമാകുകയുള്ളൂ. ജലവിതരണം സംബന്ധിച്ച് പരാതികളുമായി അധികൃതരെ സമീപിക്കുമ്പോൾ ഒരാഴ്ചയ്ക്കകം ജലവിതരണം പുനഃസ്ഥാപിക്കും എന്ന മറുപടിയാണ് ആഴ്ചകളായി അധികൃതരുടെ ഭാഗത്തുനിന്നു ലഭിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.