
തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടങ്ങും, ഒളിമ്പിക്സില്‍ നടത്തുന്നതുപോലെ വർണ്ണാഭമായ രീതിയില്‍ നടത്തണം, ഇനി വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കണം. തൃശ്ശൂർ പൂരത്തിന്റെ ഈ വർഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.
ദുരന്തത്തില്‍ ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങളാണ്. ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞു. 29 മൃതദേഹ അവശിഷ്ടങ്ങളാണ് ഇതുവരെ ലഭിച്ചത്. അതിന്റെ ഡി എൻ എ പരിശോധന നടക്കുകയാണെന്നും വി എൻ വാസവൻ പറഞ്ഞു. നാല് പേരുടെ കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകള്‍ എല്ലാം നഷ്ടമായി. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.








