ഈ നാലു ചിത്രങ്ങള്‍ക്കും ഒരു സവിശേഷതയുണ്ട്; വൈറലായി യുവാവിന്റെ വ്യത്യസ്തമായ ഒരു നിരീക്ഷണക്കുറിപ്പ്

ഈ നാലു ചിത്രങ്ങള്‍ക്കും ഒരു സവിശേഷതയുണ്ട്; വൈറലായി യുവാവിന്റെ വ്യത്യസ്തമായ ഒരു നിരീക്ഷണക്കുറിപ്പ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത, വിവിധ കാലഘട്ടങ്ങളിലുള്ള നാലു ചിത്രങ്ങളെ വളരെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ് ദേശബന്ധു കെ ഒ എന്ന ചെറുപ്പക്കാരന്‍. തൂവാനത്തുമ്പികള്‍, മേഘമല്‍ഹാര്‍, രാമന്റെ ഏദന്‍ തോട്ടം, 96 എന്നീ നാലു ചിത്രങ്ങളെയും കൂട്ടിയിണക്കിയുള്ള ദേശബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റടുത്തിരിക്കുന്നത്.
ടോവിനോ നായകനായ ഹിറ്റ് ചിത്രം മായാനദിയിലെ അപര്‍ണ(അപ്പു ) എന്ന കഥാപാത്രത്തെ സൈക്കോയായി കണ്ടു കൊണ്ട് ദേശബന്ധു മുമ്പ് എഴുതിയ കുറിപ്പ് വൈറലായി മാറിയിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്
ഇതിലെ നായികാ നായകന്മാർ ഭാര്യ ഭർത്താക്കന്മാർ അല്ല, കാമുകി കാമുകന്മാരുമല്ല, സുഹൃത്തുകൾ ആണോ എന്ന് ചോദിച്ചാൽ സൗഹൃദം മാത്രവുമല്ല…
പ്രണയമാണെന്ന് പ്രേക്ഷകരെ തെറ്റുധരിപ്പിക്കുന്നുണ്ടെങ്കിലും, അവിഹിതം എന്ന് പോലും ചിലർക്ക് തോന്നിയേക്കാമെങ്കിലും.. പറഞ്ഞു ഫലിപ്പിക്കാനാവാത്ത ഏതോ വികാരങ്ങളിലൂടെ കടന്നു പോകുന്ന നാല് സിനിമകൾ !!!!
ഇതേ ശ്രെണിയിൽ വരുന്നതാണ് ഒരേകടൽ, പ്രണയം എന്നിരുന്നാലും എനിക്ക് പ്രീയപ്പെട്ട, മറ്റു പലരും ഹൃദയത്തിൽ സൂക്ഷിക്കുന്ന നാല് ചിത്രങ്ങളാണ്.
തൂവാനത്തുമ്പികൾ, മേഘമൽഹാർ, രാമന്റെ ഏദൻ തോട്ടം, 96.
കൈകാര്യം ചെയ്ത പ്രമേയത്തിന് സാമ്യത ഉണ്ടായിരുന്നെങ്കിലും പറഞ്ഞു പോയ കഥാനാരീതി വ്യത്യസ്തമായിരുന്നു.
ഇങ്ങനേയും ആത്മ ബന്ധങ്ങൾ ഉണ്ടാകുമോ എന്ന് അതിശയിപ്പിക്കുന്ന, ഒരുപക്ഷെ സദാചാര സമൂഹത്തിനു സഹിക്കാൻ കഴിയാത്ത വഴികളിലൂടെയാണ് കഥ പറഞ്ഞ് സംവിധായകർ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
അവിഹിതത്തോടു സാമ്യപ്പെടുത്തി പലരും ഈ ചിത്രങ്ങളെ കാണാറുണ്ടെങ്കിലും ഈ ബന്ധങ്ങൾക്ക് ഒരു ഫീൽ ഉണ്ടായിരുന്നു.
മനസ്സിൽ പ്രണയമുള്ളവർക്കേ അത് ആസ്വദിക്കാൻ കഴിയൂ..
ഒന്ന് മനസ്സ് തുറന്നു സംസാരിച്ചൽ നമുക്കിടയിൽ തന്നെ ഇതിലെ കഥാപാത്രങ്ങളെ കണ്ടെത്താനാവും. സ്വന്തം ഭാര്യയിലോ, ഭർത്താവിലോ, കാമുകനിലോ, കാമുകിയിലോ ഒക്കെ ജയകൃഷ്ണനും ക്ലാരയും, രാജീവും നന്ദിതയും, രാമനും മാലിനിയും, റാമും ജാനുവും ഒക്കെ ഒളിഞ്ഞു കിടപ്പുണ്ടാകും.
പ്രകടമാക്കാൻ കഴിയാത്ത അതിനു അവസരങ്ങൾ നഷ്ടമായ നഷ്ട പ്രണയം തന്നെയാണ് ഈ സിനിമകളുടെയും സൗന്ദര്യം.
കഥാ സന്ദർഭങ്ങൾ സംഭാഷണങ്ങൾ സംഗീതം തുടങ്ങിയവ ഈ സിനിമകളുടെ ഹൈലൈറ്റ് തന്നെയാണ് സിനിമയോടൊപ്പം തന്നെ അതും നമ്മുടെ മനസ്സിലേക്ക് ചേർന്നിരിക്കും.
കഥയോടൊപ്പം തന്നെ പ്രകൃതിയും ലയിച്ചു ചേർന്ന അപൂർവ്വം സിനിമകളിൽ ചിലതു കൂടിയാണ് ഇത്.
തൂവാനതുമ്പികളിൽ മഴ ആയിരുന്നെങ്കിൽ മേഘമൽഹാറിൽ കടൽ ഏദൻ തോട്ടത്തിൽ കാടായി 96ൽ അത് രാത്രിയുമായി.
ചിത്രങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തലം. ഫീലോടെ കണ്ടിരിക്കുന്നവർക്ക് ഒരിക്കലെങ്കിലും അവിടെയൊക്കെയൊന്നു പോകണമെന്ന് തോന്നും. നമുക്ക് എല്ലാവർക്കും കാണും ഇതുപോലെ പ്രീയപ്പെട്ടവരോടൊപ്പം ഓർമ്മകളുറങ്ങുന്ന ചില നമ്മളിടങ്ങൾ.

വികാരങ്ങൾക്ക് ഇത്രമേൽ തീവ്രതയുണ്ടെന്നു മനസ്സിലാക്കി തന്ന ചിത്രങ്ങൾ വേറെയുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ബന്ധങ്ങളുടെ ചങ്ങലക്കെട്ടിൽ ഒരിക്കലും ഒരുമിക്കാനാവാത്ത നായികാ നായകന്മാർ.
വിരഹത്തിന്റെ നെടുവീർപ്പിൽ ഈ സിനിമകൾ അവസാനിപ്പിക്കുമ്പോൾ ഒരു മനോഹര കലാസൃഷ്ടി കണ്ടതിന്റെ സംതൃപ്തി.
ഈ സിനിമകളിലൊക്കെ ഇവർ ഒരുമിച്ചിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിച്ചിരിക്കും. പക്ഷേ ഇവർ ഒന്നുചേർന്നിരുന്നെങ്കിൽ ഈ ചിത്രങ്ങൾക്ക് ഇത്ര ഭംഗിയില്ലാതെ പോകുമായിരുന്നു.
മലയാളത്തിൽ പ്രണയം പ്രമേയമായി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും എന്തേ ഈ ചിത്രങ്ങൾക്ക് ഇത്ര ഭംഗി എന്ന് ചോദിച്ചാൽ തനിച്ചിരുന്നു ഒരിക്കൽക്കൂടി ഈ സിനിമകൾ കാണണം.
സഫലമാകാതെ പോയ പ്രണയത്തിന്റെ തിളക്കവും രോഷവും ഒരിക്കൽക്കൂടി അനുഭവിക്കണം.
എത്ര സുന്ദരമായാണ് സ്നേഹത്തിന്റെ ആഴം ഇതിൽ കൊത്തി വച്ചിരിക്കുന്നത്….