
ന്യൂഡൽഹി: ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളിൽ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് ഇനി പോക്കറ്റ് ചോരും.
നിയമലംഘകർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ (തൽക്ഷണ പിഴ) ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും.
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും പൂർണ്ണമായി തടയുന്നതിനുമാണ് റെയിൽവേ മന്ത്രാലയം കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ മാത്രമല്ല, ജയിലും യാത്രാവിലക്കും
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളിൽ കയറുന്ന പുരുഷന്മാരിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ 2,500 രൂപ പിഴ ഈടാക്കാം. എന്നാൽ ശിക്ഷ ഇതിലൊതുങ്ങില്ല.
പിഴ ഒടുക്കിയിട്ടും നിയമം ലംഘിക്കുന്നത് ആവർത്തിക്കുന്നവർക്കെതിരെ 1989-ലെ റെയിൽവേ ആക്ട് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കും.
കുറ്റം ആവർത്തിക്കുന്നവരെ നിർദ്ദിഷ്ട കാലയളവിലേക്ക് ട്രെയിൻ യാത്രകളിൽ നിന്ന് പൂർണ്ണമായി വിലക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
പിഴ അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ചു
ജൻ വിശ്വാസ് ആക്ട്, 2026 പ്രകാരമാണ് റെയിൽവേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ ശക്തമാക്കിയത്. നിലവിലുണ്ടായിരുന്ന 500 രൂപ പിഴയാണ് ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കി 2500 രൂപയായി ഉയർത്തിയത്.
രാത്രികാല യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ലേഡീസ് കോച്ചുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ടിക്കറ്റ് പരിശോധന വിഭാഗവും (ടിടിഇ) ഇനിമുതൽ കർശനമായ മിന്നൽ പരിശോധനകൾ നടത്തും. ദീർഘദൂര ട്രെയിനുകളിലെ വനിതാ കോച്ചുകൾക്കായിരിക്കും റെയിൽവേ പ്രത്യേക മുൻഗണന നൽകുക.







