
വാഹനത്തിന്റെ രേഖകളുടെയോ, ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ വാഹനം പിടിച്ചുവക്കരുത്; നിശ്ചിത സമയപരിധിക്കുള്ളിൽ രേഖകളുടെ അസ്സൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകണം; വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണം; മനുഷ്യാവകാശ കമീഷൻ
സ്വന്തം ലേഖകൻ
പാലക്കാട്: വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
പലപ്പോഴും പൊലീസ് പരുഷമായി പെരുമാറുന്നുണ്ടെന്ന് പരാതികളിൽനിന്നും വ്യക്തമാകുന്നതെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന വേളയിൽ രേഖകൾ ഇല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതുപ്രവർത്തകനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
പരിശോധന സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ, ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ വാഹനം പിടിച്ചുവക്കരുതെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ രേഖകളുടെ അസ്സൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നും കമീഷൻ നിർദേശിച്ചു.