
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും പുതിയ മന്ത്രിസഭയ്ക്കും അഭിനന്ദനവുമായി നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സർക്കാരുകൾ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും പുതിയ സർക്കാർ തുടർന്നു മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്ക് ഗുണകരമായ നടപടികൾക്ക് ക്രിയാത്മക പിന്തുണ നൽകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ. 20 മന്ത്രിമാർ ഉൾപ്പെട്ട സമ്പൂർണ മന്ത്രിസഭയും ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഒരു ഉപമുഖ്യമന്ത്രി, ദേശീയ നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പിണറായി വിജയൻ, രാജീവ് ചന്ദ്രശേഖർ, ബിനോയ് വിശ്വം എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.






