
വാല്‍പ്പാറ: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറയിലെ വാഹനാപകടത്തിന് കാരണം ഡ്രെെവറുടെ പരിചയക്കുറവാണെന്ന് പൊള്ളാച്ചി ആർടിഒ സെഞ്ചഴിയൻ. ഡ്രെെവറുടെ അമിത ബ്രേക്ക് ഉപയോഗവും അപകടത്തിന് കാരണമായി. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും വാഹനത്തിന് തകരാറില്ലായിരുന്നുവെന്നും ആർടിഒ വ്യക്തമാക്കി.
മലപ്പുറം പാങ്ങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള സംഘം യാത്ര ചെയ്ത വാനാണ് നിയന്ത്രണം വിട്ട് വാല്‍പ്പാറ പൊള്ളാച്ചി ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ ഒമ്ബത് പേരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5.20നായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്ബോള്‍ പതിമൂന്നാം വളവില്‍ വാൻ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു.
സ്‌കൂള്‍ എച്ച്.എം പുലാന്തോള്‍ പാലൂർ പരുത്തിയില്‍ അജിത (55), അദ്ധ്യാപകരും പാങ്ങ് സ്വദേശികളുമായ വരുപറമ്ബില്‍ റംല (52), റംലയുടെ മകൻ ഹിഷാം (12 ) സുഹ്റ (43), മജീദ് (43) ഭാര്യ റുഖിയ (39), ഷക്കീന (37),കൊളത്തൂർ സ്വദേശി ആശ (41), പാചക തൊഴിലാളി സാജിദ (45 ) എന്നിവരാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളില്‍ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ഉല്ലാസയാത്രയ്ക്ക് പോയതായിരുന്നു ഇവർ. പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 11 എ.എം 7288 എന്ന രജിസ്‌ട്രേഷൻ നമ്ബറുള്ള ട്രാവലറിലാണ് ഡ്രൈവർ ഉള്‍പ്പെടെ 13അംഗ സംഘം യാത്ര പുറപ്പെട്ടത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. ചാലക്കുടിയിലെത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാല്‍പ്പാറയിലേക്ക് പോയി. വാല്‍പ്പാറയില്‍ നിന്ന് തിരിച്ചിറങ്ങുമ്ബോഴാണ് അപകടം.



