
തിരുവനന്തപുരം: അധികാരം എന്നും ശാശ്വതമല്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി കെഎസ്‌ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ എച്ച്.എല്‍.
യദുവിന്റെ ജീവിതത്തില്‍ വന്‍ വഴിത്തിരിവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച വന്‍ അഴിച്ചുപണി യദുവിന്റെ കാര്യത്തില്‍ കാലത്തിന്റെ കാവ്യനീതിയായി മാറുകയാണ്. അന്ന് ബസ് തടഞ്ഞുനിര്‍ത്തി യദുവിന്റെ പണി കളയാന്‍ മുന്നില്‍ നിന്ന ആര്യ രാജേന്ദ്രന്‍ ഇന്ന് തിരുവനന്തപുരം മേയറല്ല, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയുമല്ല. ഇതിനെല്ലാം പുറമെ, യദുവിനെതിരെ കള്ളക്കഥകള്‍ ചമച്ച് കെഎസ്‌ആര്‍ടിസിയില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം നല്‍കിയ അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പത്തനാപുരത്ത് പരാജയപ്പെടുകയും ചെയ്തു. തനിക്കിട്ട് പണിയാന്‍ നോക്കിയ പ്രബലരെല്ലാം ജനകീയ കോടതിയില്‍ തോറ്റ് പണിയില്ലാതെ വീട്ടിലിരിക്കുമ്പോള്‍, യദുവിന് കെഎസ്‌ആര്‍ടിസിയിലേക്ക് തന്നെ ഡ്രൈവറായി രാജകീയ തിരിച്ചുവരവിന് വഴിതെളിയുകയാണ്. തന്നെ തിരിച്ചെടുക്കണമെന്ന അപേക്ഷ യദു മാനേജ്മെന്റിന് നല്‍കിയാല്‍ അത് പുതിയ യുഡിഎഫ് സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് സൂചന.
റോഡില്‍ വെച്ച് മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ യദുവിനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞ കാരണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ യദു തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മുന്‍ മന്ത്രിയുടെ അവകാശവാദം. സിറ്റി പോലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗണേഷ് കുമാര്‍ ചാനലുകളില്‍ വന്ന് വീരവാദം മുഴക്കിയെങ്കിലും, കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയില്‍ യദു ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു രേഖയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. മുന്‍ മേയറും ഭര്‍ത്താവും കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞത് ചോദ്യം ചെയ്ത വിരോധത്തില്‍ യദുവിനെ വേട്ടയാടാന്‍ അന്നത്തെ ഭരണകൂടവും മന്ത്രിയും ഒത്തുകളിക്കുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായിരുന്നു.
2024 ഏപ്രില്‍ 27-ന് രാത്രി പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വെച്ച് കാര്‍ കുറുകെയിട്ട് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ മേയറുടെയും എംഎല്‍എയുടെയും നടപടി വലിയ വിവാദമായിരുന്നു. യാത്രക്കാരുമായി പോയ പൊതുവാഹനം തടഞ്ഞുനിര്‍ത്തി കെഎസ്‌ആര്‍ടിസി ജീവനക്കാരെ പരസ്യമായി വിചാരണ ചെയ്ത അധികാരികളുടെ ഹുങ്കിനെതിരെ അന്ന് വലിയ ജനരോഷമാണ് ഉയര്‍ന്നത്. എന്നാല്‍, അധികാരത്തിന്റെ തണലില്‍ യദുവിനെതിരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പേരില്‍ കേസെടുപ്പിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ കുടുംബം പുലര്‍ത്താന്‍ മറ്റ് വഴികളില്ലാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം (ഡെലിവറി ബോയ്) ഉള്‍പ്പെടെയുള്ള കഠിന ജോലികള്‍ ചെയ്താണ് യദു ഇത്രയും കാലം ജീവിച്ചത്. അന്ന് ഭരണത്തിന്റെ അഹങ്കാരത്തില്‍ ഒരു പാവപ്പെട്ട താല്‍ക്കാലിക ജീവനക്കാരന്റെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടവര്‍ക്കാണ് ഇപ്പോള്‍ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിയടിച്ചതോടെ യദുവിനെ തിരിച്ചെടുക്കണമെന്ന ആവശ്യത്തിന് കെഎസ്‌ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് (ഐഎന്‍ടിയുസി) ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. യദു നിലവില്‍ ഐഎന്‍ടിയുസി യൂണിയനില്‍ അംഗത്വമെടുത്തിട്ടുള്ളതിനാല്‍, തൊഴിലാളി വിരുദ്ധ നടപടിയുടെ ഭാഗമായി നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ കെഎസ്‌ആര്‍ടിസിക്ക് മേല്‍ യൂണിയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മുന്‍ സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പൂഴ്ത്തിവെച്ച കേസന്വേഷണ റിപ്പോര്‍ട്ടുകള്‍ പുതിയ ആഭ്യന്തര വകുപ്പ് പുനഃപരിശോധിക്കുന്നതോടെ യദുവിനെതിരെയുള്ള കള്ളക്കേസുകളും ഇല്ലാതാകും.
തന്നെ കെഎസ്‌ആര്‍ടിസിയില്‍ തിരിച്ചെടുക്കണമെന്ന് കാണിച്ച് യദു പുതിയ ഗതാഗത മന്ത്രിക്കും സിഎംഡിക്കും അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി പുറത്താക്കിയ താല്‍ക്കാലിക ജീവനക്കാരനോട് നീതി പുലര്‍ത്താന്‍ പുതിയ ഭരണനേതൃത്വം തയ്യാറാകുമെന്നാണ് ജീവനക്കാര്‍ക്കിടയിലെ പൊതുവികാരം. യദുവിനെ വേട്ടയാടിയവര്‍ പദവികളെല്ലാം നഷ്ടപ്പെട്ട് രാഷ്ട്രീയമായി പരുങ്ങലിലായ ഈ സാഹചര്യത്തില്‍, പാണ്ഡ്യാലമുക്കിലെ പോലീസ് വിമോചനം പോലെ പാവപ്പെട്ട ഈ ഡ്രൈവര്‍ക്കും നീതി ലഭിക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ യദു വീണ്ടും കെഎസ്‌ആര്‍ടിസിയുടെ സ്റ്റിയറിങ് കൈയിലെടുക്കുന്ന ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയും കേരളക്കരയും.







