Spread the love

വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് രണ്ടുമാസമായ ഗർഭം അലസിയതായി പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ 26കാരിയായ നജ്‌ലയ്ക്കാണ് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതാണ് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

video
play-sharp-fill

നജ്‌ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിലില്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സ്കാൻ ചെയ്താലേ ശിശുവിന്‍റെ അവസ്ഥ അറിയാനാകൂ എന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധനകളുണ്ടായില്ല. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വൈകിട്ട് മൂന്നോടെ മെഡിക്കൽ കോളേജിലെത്തിച്ച നജ്‌ലയെ പരിശോധനകൾക്കും വീണ്ടും സ്കാനിങ്ങിനും വിധേയമാക്കിയപ്പോഴാണ് ശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതിയെ അഡ്മിറ്റ് ചെയ്തു. നജ്‌ലയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സകൾ നൽകുകയാണെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ പറഞ്ഞു. ബീച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പരിശോധിച്ച് നടപടിയെടുത്തിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. തുടർന്ന് സൗത്ത് പൊലീസെത്തി നജ്‌ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group