കോട്ടയം ആറുമാനൂരിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു: പരിക്കേറ്റ കുട്ടി മെഡിക്കൽ കോളജിൽ ചികിൽസയിൽ.

Spread the love

അയർക്കുന്നം :ആറുമാനൂരില്‍ എട്ടുവയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്.
തെക്കേത്തൊട്ടിയില്‍ പരേതനായ അഖിലിന്റെയും ആതിരയുടെയും മകൻ അഭിനവ് കൃഷ്ണയ്ക്കാണ് ഇന്നലെ തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ദേഹത്ത് 26ഓളം കടിയേറ്റ പാടുകളുണ്ട്.

video
play-sharp-fill

മുഖത്തും കണ്‍പോളയിലുമുള്‍പ്പെടെ കടിയും നായയുടെ നഖവും കൊണ്ട കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. കൈകളിലും മുഖത്തുമെല്ലാം നീരുണ്ട്. അയല്‍പക്കത്തെ വീട്ടിലേക്ക് സൈക്കിളില്‍ കളിക്കാൻ പോയ അഭിനവ് സൈക്കിള്‍ സ്റ്റാൻഡില്‍ വയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു.

നിലവിളി കേട്ട് അയല്‍ക്കാരിയായ സ്ത്രീ ഓടിവന്ന് നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. അയർക്കുന്നം ഗവ. എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ. പിതാവ് അഖില്‍ മൂന്ന് മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. നിർധന കടുംബത്തിലംഗമായ കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ ശല്യം രൂക്ഷം, അനങ്ങാതെ അധികൃതർ
ആറുമാനൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും അയർക്കുന്നം പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. അയർക്കുന്നം ഗവ. എല്‍.പി. സ്‌കൂളിന്റെ പരിസരപ്രദേശങ്ങളില്‍ നിരവധി തെരുവുനായ്ക്കളെ കാണാമെന്ന് അദ്ധ്യാപികയായ ശ്രീക്കുട്ടി പറഞ്ഞു.

മൂന്നാം ക്ലാസുകാരനെ തെരുവുനായ കടിച്ച വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും സത്വരനടപടികളൊന്നും സ്വീകരിക്കാൻ അവർ തയ്യാറായില്ലന്നുംകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെല്‍റ്റർ ഇല്ലായെന്ന് പറഞ്ഞ് കൈമലർത്തിയ അധികൃതർ തെരുവുനായ്ക്കള്‍ക്ക് വാക്സിൻ കൊടുക്കാം പിന്നീട് പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ എന്ന ”ആശ്വാസവാക്ക്” പറഞ്ഞ് തടിതപ്പുകയാണുണ്ടായതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
=നിർധന കുടുംബാംഗമായ കുട്ടിക്ക് തെരുവുനായയില്‍ നിന്നേറ്റ ആക്രമണം ദുരിതം ഇരട്ടിച്ചിരിക്കുകയാണ്.