
ആറന്മുള: സ്ഥാനാർഥി അബിൻ വര്‍ക്കിക്ക് പിന്തുണയുമായി ഉഷ ജോസഫ്. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കിയത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബം.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ആരോഗ്യമന്ത്രി വീണ ജോർജാണ് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാർഥി.
ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്നും, ആരോഗ്യ വകുപ്പിനെതിരെയുള്ള ഇവരുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി നല്‍കിയ പണം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബിൻ വർക്കി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ സമരമുഖങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിയ വ്യക്തിയായതിനാല്‍ വോട്ടർമാർക്ക് പരിചിത മുഖമാണ് അബിൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് വീണയ്ക്കെതിരെയുള്ള മത്സരത്തില്‍ ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ തട്ടകമായിരുന്ന ആറന്മുളയില്‍ ശിവദാസൻ നായരെ പരാജയപ്പെടുത്തിയാണ് വീണ ജോർജ് ജയിച്ചത്. ആരോഗ്യ വകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍ വീണക്ക് ഇത്തവണ തിരിച്ചടിയാകുമെന്നും മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ബിജെപിയുടെ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനാണ് ആറന്മുളയിലെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരത്തിനായിരിക്കും ആറന്മുള ഇത്തവണ സാക്ഷിയാകുക.
2021 മേയ് 12ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നു വച്ചത്. ഇത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ സ്വകാര്യ ആശുപത്രി അധികൃതരും കെ സി വേണുഗോപാല്‍ എംപിയും ചേർന്ന് സൗജന്യമായാണ് നടത്തിയത്. ശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഉഷ. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കോവിഡ് സമയത്താണ് ഉഷ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ശസ്ത്രക്രിയക്കുശേഷം വയറുവേദന അനുഭവപ്പെടുമ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി ചികിത്സ തേടുകയായിരുന്നു. പല മരുന്നുകളും കഴിച്ചു. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചു. മൂത്രത്തില്‍ നിന്ന് രക്തം വരാൻ തുടങ്ങിതിനെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ നിന്ന് എക്സറേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത്.







