Spread the love

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. 52 റണ്‍സിനാണ് ഗുജറാത്ത് കേരളത്തെ തോല്‍പിച്ചത്. ഗുജറാത്ത് ഉയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 44.5 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍, ഗുജറാത്ത് 50 ഓവറില്‍ 212/6 കേരളം, 44.5 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ട്.

video
play-sharp-fill

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഓപ്പണർ വൻഷികയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. തുടർന്നെത്തിയ ചാർലി സോളങ്കിയും സിയ പട്ടേലും ചേർന്ന് 41 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 44 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ നിധിബെൻ ദേശായ്, സ്തുതി ജനി, ജിയ ജെയിൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

സ്തുതി 48-ഉം ജിയ ജെയിൻ 45-ഉം റണ്‍സെടുത്തപ്പോള്‍ നിധിബെൻ ദേശായ് 50 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം.പി.യും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 77 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ 37 റണ്‍സെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്‌ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകള്‍ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ 64 റണ്‍സെടുത്ത വൈഷ്ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർന്നടിഞ്ഞു. വെറും 19 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി വീണതോടെ 160 റണ്‍സിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമായി. അനന്യ കെ. പ്രദീപ് പത്തും, നജ്‌ല സി.എം.സി 16-ഉം റണ്‍സെടുത്തു. ഗുജറാത്തിന് വേണ്ടി പുഷ്ടി നഡ്കർണി മൂന്നും ഗൗരി ഗോയല്‍, ശിവാനി ഗുപ്ത, നിധിബെൻ ദേശായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.