മോൻസ് ജോസഫ് യു.ഡി.എഫ് ജില്ലാ ചെയർമാൻ; സജി മഞ്ഞക്കടമ്പനെ തഴഞ്ഞ് യു.ഡി.എഫും കേരള കോൺഗ്രസും; ജോസഫ് ഗ്രൂപ്പിലെ അസ്വാരസ്യം മറ നീക്കി പുറത്ത്; മോജോ സംഖ്യം പിടി മുറുക്കിയതോടെ ജോസഫ് ഗ്രൂപ്പ് വൻ പൊട്ടിത്തെറിയിലേക്ക്

മോൻസ് ജോസഫ് യു.ഡി.എഫ് ജില്ലാ ചെയർമാൻ; സജി മഞ്ഞക്കടമ്പനെ തഴഞ്ഞ് യു.ഡി.എഫും കേരള കോൺഗ്രസും; ജോസഫ് ഗ്രൂപ്പിലെ അസ്വാരസ്യം മറ നീക്കി പുറത്ത്; മോജോ സംഖ്യം പിടി മുറുക്കിയതോടെ ജോസഫ് ഗ്രൂപ്പ് വൻ പൊട്ടിത്തെറിയിലേക്ക്

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തേക്ക്. ഇന്ന് യു.ഡി.എഫിന്റെ ജില്ലാ തല ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴാണ് ഗ്രൂപ്പിസം മറ നീക്കി പുറത്തേക്ക് വന്നത്. കോട്ടയം ജില്ലാ ചെയർമാൻ ആകേണ്ടിയിരുന്നത് സ്വഭാവികമായും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനായിരുന്നു.

ഇതിന് മുമ്പ് യു.ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ ജില്ലാ പ്രസിഡന്റായിരുന്ന സണ്ണി തെക്കേടമായിരുന്നു.എന്നാൽ മോൻസ് ജോസഫും മുൻ എം.പിയും ജോസഫ് വിഭാഗം സംസ്ഥാന ചാർജ് സെക്രട്ടറിയുമായ ജോയി അബ്രഹാവും കൂടി രൂപീകരിച്ച കുറു മുന്നണിക്ക് അനഭിമതനാവുകയാണ് സജി മഞ്ഞക്കടമ്പനിപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസഫ് ഗ്രൂപ്പിലെ ഏറ്റവും ശ്രദ്ധേയനായ ജില്ലാ പ്രസിഡന്റാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി യും ,കണ്ണൂർ ജില്ലാ പ്രസിഡൻറ് റോജസ് സെബാസ്റ്റ്യനും എന്നാൽ ഈ രണ്ട് പേരെയും മോൻസ് ജോസഫ് ജോയി അബ്രാഹം ടീമിന് ചതുർത്ഥിയാണ്.റോജസ് സെബാസ്റ്റ്യൻ ഈയിടെ നടത്തിയ കർഷക മാർച്ചിൽ ഫ്രാൻസിസ് ജോർജിനെ ക്യാപ്റ്റനാക്കി എന്നതായിരുന്നു മോൻസിന്റെ അതൃപ്തിക്ക് കാരണം.

കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനാകട്ടെ മറ്റ് നേതാക്കളെ പാർട്ടി പരിപാടികൾക്ക് കോട്ടയം ജില്ലയിൽ കൊണ്ട് വരുന്നൂ എന്നതാണ് പ്രശ്‌നം .പ്രത്യേകിച്ച് ഫ്രാൻസിസ് ജോർജിനെ കോട്ടയം ജില്ലയിൽ അടുപ്പിക്കരുതെന്നാണ് മോൻസ് ജോസഫിന്റെ ആഗ്രഹം. ജോയി അബ്രാഹം ആകട്ടെ പല കമ്മിറ്റികളിലും ഫ്രാൻസിസ് ജോർജിനെ ആക്ഷേപിക്കുകയും ലയിക്കാതെ ഓട് പൊളിച്ചിറങ്ങി വന്നവനെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

ജലീലിനെതിരെ സജി മഞ്ഞക്കടമ്പൻ നടത്തിയ കളക്ടറേറ്റ് മാർച്ച് പൊളിക്കാനും മോൻസ് ജോസഫ് ശ്രമിച്ചിരുന്നു. ആദ്യം മാർച്ച് ഉദ്ഘാടനം ചെയ്യാൻ വരാമെന്നേറ്റ മോൻസ് പിന്നീട് വരുന്നില്ലെന്ന് അറിയിച്ചു. പകരം ഫ്രാൻസിസ് ജോർജിനെ ഉദ്ഘാടനത്തിന് വിളിച്ചതറിഞ്ഞ മോൻസ് ഫ്രാൻസിസ് ജോർജ് വേണ്ട ഞാൻ തന്നെ വന്നോളാം എന്ന് പറയുകയും കാത്തിരുന്ന് മടുത്ത പ്രവർത്തകർ ഉദ്ഘാടനമില്ലാതെ മാർച്ച് നടത്തുകയുമാണുണ്ടായത്.

അന്ന് പോലീസ് ലാത്തി ചാർജിൽ സജിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.എന്നാൽ പാർട്ടിയുടെ മറ്റ് ജില്ലകളിൽ ഇത്തരത്തിൽ രൂക്ഷമായ സമരം നടത്തിയിരുന്നില്ല. കോട്ടയം ജില്ലയിൽ ഫ്രാൻസിസ് ജോർജിനെയോ, ജോണി നെല്ലൂരിനെയോ, തോമസ് ഉണ്ണിയാടനെയോ പാർട്ടി പരിപാടിക്ക് വിളിക്കുന്നവരെ ശത്രുവായി കണ്ട് വെട്ടി നിരത്തുന്ന പരിപാടിയുടെ ഒന്നാമത്തെ ഇരയായി മഞ്ഞക്കടമ്പൻ മാറിയിരിക്കുകയാണ്.

ജോസഫ് ഗ്രൂപ്പിലെ രോഷം ഇപ്പോൾ പാർട്ടിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധമായി വന്നുകൊണ്ടിരിക്കയാണ്.പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കൂടി മോൻസ് ജോസഫ് ഏറ്റെടുക്കണമെന്നാണ് ഒരു ഭാരവാഹി നീരസം പ്രകടിപ്പിച്ചത്.ഇതിനിടെ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സജിയെ മാറ്റി പകരം പ്രിൻസ് ലൂക്കോസിനെ പ്രസിഡൻറാക്കാനും ‘മോജോ ‘ സഖ്യം ശ്രമം ആരംഭിച്ചിട്ടുണ്ട്.