തിരുവനന്തപുരത്ത് 22 കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; പ്രതികളെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 22 വയസുകാരിയെ വീടിനടുത്തുവെച്ച് ക്രൂരമായി ഉപദ്രവിച്ചത്. വീടിനുടുത്തുള്ള ബന്ധുവീട്ടില്‍ തുണി അലക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ബന്ധുവീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പീഡന ശ്രമം.
പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് തള്ളിയിട്ട് കൈകാലുകള്‍ കെട്ടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതോടെ തല പിടിച്ച് ചുമരിലിടിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചെന്നും പ്രതികള്‍ സമ്മതിച്ചു.
കുളിക്കാനും അലക്കാനുമായി പോയ കുട്ടി മടങ്ങിയെത്താന്‍ വൈകിയതോടെ അമ്മ അന്വേഷിച്ച് പോയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന മകളെ കണ്ടത്. രക്തംവാര്‍ന്ന നിലയിലായിരുന്നു. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികളെ ആശുപത്രിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വര്‍ക്കല ഡിവൈഎസ്പി നിയാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചത്.
പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം രാവിലെ മുതല്‍ തന്നെ തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ എത്തിച്ചത്.