
തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്‍ററില്‍ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രന്‍ (58) എന്ന പ്രതിയെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. 40,000 രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും, പിഴ അടച്ചില്ലെങ്കില്‍ ഏഴ് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച പ്രതി കള്ളിക്കാട്ടില്‍ സ്വകാര്യ ട്യൂഷൻ സെന്‍റര്‍ നടത്തി വരികയായിരുന്നു. 2024ല്‍ പ്ലസ് ടു സേ പരീക്ഷയ്ക്ക് പരിശീലനത്തിനായി എത്തിയ വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി മാതാവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
വിചാരണയ്ക്കിടെ പ്രതി മറ്റ് കുട്ടികളോടും മോശമായി പെരുമാറിയിരുന്നുവെന്ന് അതിജീവിത കോടതിയില്‍ മൊഴി നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഡി.ആര്‍. പ്രമോദ് ഹാജരായ കേസില്‍ നെയ്യാര്‍ഡാം എസ്.എച്ച്.ഒ രജീഷ് കുമാറിന്റെയും എസ്.ഐ സജി ജി.എസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







