
ഡൽഹി: ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സമാധാന നൊബേല്‍ പുരസ്കാരത്തിനുള്ള പട്ടികയില്‍ ഇത്തവണ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും.
കംബോഡിയ, പാക്കിസ്ഥാൻ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നാമനിർദ്ദേശം ചെയ്തതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് വഹിച്ച പങ്കിനെ മുൻനിർത്തിയാണ് നോമിനേഷനെന്നാണ് വിവരം.
കഴിഞ്ഞ തവണ നൊബേല്‍ സമ്മാനം ലഭിക്കാനായി ട്രംപ് നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. സമാധാന നൊബേലിനോടുള്ള തന്റെ താല്‍പ്പര്യം മുൻപേ തുറന്നുപറഞ്ഞിട്ടുള്ള ട്രംപിന് ഈ നാമനിർദ്ദേശം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിനായി നടക്കുന്നത്. ആകെ 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതില്‍ 208 വ്യക്തികളും 79 സംഘടനകളുമുള്‍പ്പെടുന്നു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കി, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്, മൊള്‍ഡോവൻ പ്രസിഡന്റ് മേയ സാണ്ടു, യു എൻ പ്രതിനിധി ഫ്രാൻസെസ്ക ആല്‍ബനീസ് എന്നിവരാണ് ഇത്തവണ നോമിനേഷൻ ലഭിച്ച ആളുകളില്‍ പ്രമുഖർ.
നാമനിർദ്ദേശ പട്ടിക 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, നിർദ്ദേശങ്ങള്‍ സമർപ്പിച്ച രാജ്യങ്ങള്‍ തന്നെ വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് പട്ടിക പരസ്യമായത്.







