
കോഴിക്കോട്: നഗരത്തിൽ നിന്ന് 151 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ-യുമായി ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
അൽഫാത്ത് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി ഡാൻസാഫ് സംഘത്തിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ പൊലിസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച കല്ലമ്പാറ കല്ല് വളപ്പിൽ ഭാഗത്തുവെച്ച് വിൽപ്പനയ്ക്കായി ലഹരിമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലിസ് സംഘം വളഞ്ഞത്.
സ്‌കൂൾ-കോളേജ് അവധിക്കാലമായതിനാൽ വിപണിയിൽ ലഹരിമരുന്നിന് ആവശ്യക്കാർ ഏറിയിട്ടുണ്ടെന്നും, ഇത് കണക്കിലെടുത്താണ് വലിയ അളവിൽ എം.ഡി.എം.എ എത്തിച്ചതെന്നും പ്രതി പൊലിസിന് മൊഴി നൽകി. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പും താൻ ലഹരി എത്തിച്ചിട്ടുണ്ടെന്ന് അൽഫാത്ത് സമ്മതിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി മാഫിയയുടെ കണ്ണികളെ കുറിച്ചും ഉറവിടത്തെ കുറിച്ചും പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലിസ് അറിയിച്ചു.







