
മറയൂർ: തലയാർ തേയില എസ്റ്റേറ്റിൽ വീണ്ടും കടുവഭീതി. കോഫി സ്റ്റോർ ഡിവിഷനിലെ പുതുലയത്ത് താമസിക്കുന്ന മണിയുടെ രണ്ട് പശുക്കിടാക്കളാണ് വ്യാഴാഴ്ച കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തേയിലക്കാട്ടിൽ തീറ്റയ്ക്കായി വിട്ടിരുന്ന പശുക്കളെയാണ് കടുവ ആക്രമിച്ചത്. രാവിലെ ഒരു പശുവിന്റെ ജഡവും രാത്രിയോടെ മറ്റൊരു പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു.
മൂന്ന് മാസത്തിനിടെ 21 പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നേരത്തെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. മാർച്ച് 31ന് പാമ്പൻ മലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അഞ്ച് വയസുള്ള ഒരു ആൺകടുവയെ പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവത്തിന് ശേഷം കടുവയില്ലെന്ന ആശ്വാസത്തിൽ പല തൊഴിലാളികളും പശുവളർത്തലിലേക്ക് തിരിയാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായതോടെ ഭീതിപടർന്നു. പാമ്പൻ മല, കോഫി സ്റ്റോർ, ചട്ടമൂന്നാർ മേഖലകളിൽ കടുവയുടെ ശല്യം തുടരുന്നതായി തൊഴിലാളികൾ പറയുന്നു.
കൂടുതൽ കടുവകൾ ഈ മേഖലയിലുണ്ടെന്നും അവയെ പിടികൂടാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്, നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് തയാറെടുക്കുകയാണെന്ന് തേയിലത്തോട്ടം തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.



