Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ യുവാവും പതിനാറുകാരിയായ കാമുകിയും പിടിയിൽ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്ററകലെ ആമ്പല്ലൂരിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ തിരിച്ചറിഞ്ഞ ഒരു ഹോം​ഗാർഡ് പൊലീസ് സ്റ്റേഷനിലേക്കു വിവരം നൽകുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ട ഇരുവരും 20 മണിക്കൂർ അലഞ്ഞുതിരിഞ്ഞ ശേഷമാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ ഇവർ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു മനസ്സിലാക്കി ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയതിനു പിന്നാലെ യുവാവ് ബീയർ കുപ്പി പൊട്ടിച്ചു ചില്ലുയർത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈൽഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിനു നേർക്കു ചില്ലുകഷണം വീശി. എല്ലാവരും പകച്ചുനിൽക്കെ ഇയാൾ പെൺകുട്ടിയുമായി കടന്നു കളഞ്ഞു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുടെ പേരിൽ ആർപിഎഫ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിരുന്നു.

ഛത്തീസ്ഗഡിൽ നിന്നു ട്രെയിൻ മാർഗം ഒന്നിച്ചു തൃശൂർ സ്റ്റേഷനിലെത്തിയതാണ് ഇരുപതുകാരനും പതിനാറുകാരിയും. പെൺകുട്ടി അസം സ്വദേശിയാണെന്നു സൂചനയുണ്ട്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതാണിവർ. രേഖകൾ ഒത്തുനോക്കി സ്ഥിരീകരിച്ചപ്പോഴേക്കും രാവിലെ 10 മണിയായി. പെൺകുട്ടിയെ തനിക്കൊപ്പം വിടുമെന്ന ധാരണയിലായിരുന്നു ഇരുപതുകാരൻ.

എന്നാൽ, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കാൻ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി. ചൈൽഡ് ലൈൻ ഓഫിസിൽ ജീവനക്കാരെ കുപ്പിച്ചില്ലിന്റെ മുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവ് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കിടന്നിരുന്ന ബീയർ കുപ്പി പൊട്ടിച്ചു നീളമുള്ള ചില്ല് കടലാസിൽ പൊതിഞ്ഞ് ഇയാൾ ചൈൽഡ് ലൈൻ ഓഫിസിലെത്തി. ജീവനക്കാർക്കു നേരെ ചില്ലു ചൂണ്ടി വധഭീഷണി മുഴക്കി. ഇവരുടെ കഴുത്തിനു നേരെ ചില്ലുവച്ചും പരിഭ്രാന്തി സൃഷ്ടിച്ചു. 2 വനിതാ ജീവനക്കാരികൾ ജീവരക്ഷാർഥം ഓടിരക്ഷപ്പെട്ടു. ഒരാളുടെ വിരലിനു മുറിവുണ്ട്. സംഭവം നടന്ന‍ു 11 മണിക്കൂറിനു ശേഷമാണ് ആർപിഎഫ് കേസെടുത്തത്.

കനത്ത സുരക്ഷാ വീഴ്ചയുടെ പേരിൽ ആർപിഎഫ് പോസ്റ്റ് കമാൻഡർ അജയ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എല്ലാവരും ഭയന്നുനിൽക്കെ യുവാവ് പെൺകുട്ടിയെയും കൂട്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ഒരു ട്രെയിനിൽ ചാടിക്കയറി. കണ്ടുനിന്നവർ ബഹളം കൂട്ടിയപ്പോൾ യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. ഇതോടെ യുവാവ് മറുവശത്തുകൂടി ട്രാക്കിലിറങ്ങി മറ്റൊരു ട്രെയിനിനുള്ളിലൂടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. ചുമട്ടു തൊഴിലാളികളിലൊരാൾ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് പെൺകുട്ടിയുടെ കഴുത്തിൽ ചില്ലു വച്ചു ഭീഷണി മുഴക്കി. പിന്നാലെ സ്റ്റേഷനു പുറത്തേക്കു പെൺകുട്ടിയുമായി രക്ഷപെടുകയായിരുന്നു.