
തൃശ്ശൂർ: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി തൃശ്ശൂരിൽ വൻ ലഹരിവേട്ട. 320 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികൾ വാണിയംപാറയിൽ പൊലീസിന്റെ പിടിയിലായത്.
അറസ്റ്റിലായവരിൽ കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കാട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു. ഇതിനിടെ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് വീട്ടിൽ നിന്ന് കൂടുതൽ ലഹരിമരുന്ന് മാറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പിൽ നടത്തിയ റെയ്ഡിൽ 300 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു. ലഹരിമരുന്ന് ഇവിടെ എത്തിച്ച സുമേഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ കോൾ റെക്കോർഡുകളും ചാറ്റുകളും പരിശോധിച്ച് ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






