Spread the love

കോഴിക്കോട്: സംസ്ഥാനത്ത് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിലൂടെ ഇതുവരെ ഏകദേശം 15 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നടപടികൾ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും എംഎൽഎമാരെയും എംപിമാരെയും ഉൾപ്പെടുത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് തൂഫാൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ വാരിയർ’, ‘തൂഫാൻ കെയർ’ എന്നീ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

video
play-sharp-fill

ഓപ്പറേഷൻ തൂഫാൻ വലിയ വിജയമായതായി വിലയിരുത്തിയ മന്ത്രി, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾ നേരിട്ട് പൊലീസിന് കൈമാറുന്നുണ്ടെന്നും പറഞ്ഞു. രണ്ട് നൈജീരിയൻ സ്വദേശികളടക്കം നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിഥി തൊഴിലാളികളിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തൂഫാൻ പ്രചാരണം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.