Spread the love

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിചേര്‍ക്കാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.
ജയകുമാര്‍. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുക എന്നതല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്നും കെ. ജയകുമാര്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ള ഭരണസമിതിയെയും തന്ത്രി കണ്ഠരര് രാജീവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എസ്.ഐ.ടി നീക്കം തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ണ്ണായക പ്രതികരണം.

കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലിരിക്കുന്ന കേസായതിനാല്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ. ജയകുമാര്‍ പറഞ്ഞു. സത്യം എന്താണെന്ന് പുറത്തുവരുന്നതുവരെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തുടരട്ടെ. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തോട് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ സഹകരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ നടക്കുന്ന ശബരിമല എഐ വര്‍ക്ക്ഷോപ്പിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിലെ അതിരൂക്ഷമായ തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എഐ വിദഗ്ദ്ധര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കും.

നേരത്തെ നടന്ന ആഗോള അയ്യപ്പ സംഗമത്തിലാണ് ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ എഐ സാങ്കേതികവിദ്യയുടെ സഹായം തേടണമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ഔദ്യോഗിക വര്‍ക്ക്ഷോപ്പിനെ അയ്യപ്പ സംഗമവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും കെ. ജയകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്വര്‍ണ്ണക്കൊള്ളക്കേസ് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങളിലേക്ക് നീങ്ങുമ്പോഴും ഭരണപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.