
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എസ്കലേറ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അപകടം.
വഞ്ചിനാട് എക്സ്പ്രസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. മുന്നോട്ട് പോകുകയായിരുന്ന എസ്കലേറ്റർ പെട്ടെന്ന് പുറകിലേക്ക് നീങ്ങിയതിനെ തുടർന്ന് ആളുകള്‍ നിലത്തുവീഴുകയായിരുന്നു. വീഴ്ചയിലാണ് രണ്ടുപേർക്ക് പരിക്കേറ്രത്. തുടർന്ന് എസ്കലേറ്റർ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഓവർലോഡ് ആകാം അപകട കാരണമെന്നാണ് റെയില്‍വെയുടെ പ്രാഥമിക വിലയിരുത്തല്‍. റെയില്‍വെ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമില്‍ നിന്ന് മുകളിലേക്ക് കയറാനുള്ള എസ്കലേറ്ററാണ് തകരാറിലായത്.
യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. റെയില്‍വെ എയ്ഡ് പോസ്റ്റില്‍ പ്രാഥമിക ചികിത്സ നല്കിയതിനുശേഷം പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയില്‍ മറ്റു ചിലർക്കും പരിക്കേറ്റതായാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







