
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മർദനമേറ്റ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അഷ്കറിനെ തെളിവെടുപ്പിനായി കരിക്കുഴിയിലെ വാടകവീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. അസഭ്യവാക്കുകളുമായി പ്രതിഷേധിച്ച നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. വലിയ പൊലീസ് സുരക്ഷയുടെ നടുവിലാണ് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിരിച്ചുകൊണ്ടുപോയത്.
രാവിലെ 11.15 ഓടെയാണ് പൊലീസ് സംഘം അഷ്കറുമായി സംഭവസ്ഥലത്തെത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. വീടിനകത്തും പരിസരത്തുമായി തെളിവെടുപ്പ് നടത്തിയതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല.
തൊണ്ടയിൽ ഭക്ഷണം കുടുങ്ങി ഛർദിച്ചുവെന്ന വിവരവുമായി അഷ്കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ക്രൂരമർദനത്തിന് ഇരയായിരുന്നുവെന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും അമ്മയുടെ പങ്കാളിയായ അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







