ഇവരെ കണ്ടാൽ മോഷ്ടാക്കളാണെന്ന് ആരും സംശയിക്കില്ല: നന്നായി ഒരുങ്ങി ബസിൽ കയറും; തന്ത്രപരമായി മോഷണം നടത്തി മടങ്ങും: ഇത് തമിഴ്‌നാട് കോവിൽപ്പെട്ടിയിലെ തിരുട്ടു തലൈവി സംഘം
ക്രൈം ഡെസ്‌ക്
കോട്ടയം: തമിഴ്‌നാട്ടിലെ കോവിൽപ്പെട്ടിയിലെ കാട്ടുനായ്ക്കർ വിഭാഗത്തിന്റെ കുലത്തൊഴിൽ മോഷണമാണ്. ഒരു ഗ്രാമം തന്നെ കഴിയുന്നത് മോഷണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. കേരളത്തിലേയ്ക്ക് എത്തുന്ന ഈ മോഷണ സംഘത്തിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടാകും. ഇവർക്ക് ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടാകുക. മോഷണം. ബസിലും തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളുടെ മാലയും പഴ്‌സും ലക്ഷ്യമിട്ട് സ്ത്രീകൾ മോഷണത്തിനിറങ്ങുമ്പോൾ, വീടുകൾ മുതൽ തങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കുന്ന എല്ലായിടത്തും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുരുഷന്മാർ കടന്നു കയറും. ലക്ഷ്യം ഒന്നു തന്നെ മോഷണം.
ചൊവ്വാഴ്ച കോട്ടയം നഗരത്തിൽ നടന്ന രണ്ടു സംഭവങ്ങളിലായി തമിഴ്‌നാട് മധുര സ്വദേശികളായ തെയ്യമ്മ (48), ഇവരുടെ മകൾ ദിവ്യ (30), മധുര സ്വദേശി ദിവ്യ (28) എന്നിവർ പൊലീസ് പിടിയിലായതോടെയാണ് തമിഴ്‌നാട്ടിലെ വമ്പൻമോഷ്ടാക്കളായ കാട്ടുനായ്ക്കളെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസപെക്ടർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്്റ്റാൻഡിലും, താഴത്തങ്ങാടിയിലും മോഷണം നടത്തിയ സംഘത്തെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളായ മൂന്നു സ്ത്രീകളുടെയും ചിത്രം പകർത്തിയ വെസ്റ്റ് പൊലീസ് ഈ ചിത്രങ്ങൾ തമിഴനാട്ടിലെ ഇവരുടെ മാതൃപൊലീസ് സ്റ്റേഷനിലേയ്ക്കു അയച്ചു നൽകി. തുടർന്ന് ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്നാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഇവർ തമിഴ്‌നാട്ടിൽ തന്നെ സ്ഥിരം മോഷണക്കേസ് പ്രതികളാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ഇവർക്കു കേസുകളുണ്ടെന്ന വിവരം. പ്രതികളുടെ വിരലടയാളങ്ങളും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.
എന്നാൽ, മോഷണം നടത്താൻ കൃത്യമായ പരിശീലനം ലഭിച്ച ഇവർ ഒരിക്കലും പൊലീസ് പിടിക്കുമ്പോൾ കൃത്യമായ വിലാസം പറയാറില്ല. അതുകൊണ്ടു തന്നെ പൊലീസിനു പ്രതികളെ പിടികൂടുമ്പോൾ ഇവരുടെ മുൻ കേസുകൾ കണ്ടെത്തുന്നതിനു വിരലടയാളം മാത്രമാണ് ആശ്രയം. ഈ സാഹചര്യത്തിലാണ് പൊലീസ് ഇവരുടെ വിരലടയാളം ശേഖരിക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ക്ഷേത്രങ്ങളിൽ ഉത്സവം ആരംഭിക്കുന്നുണ്ട്. ഇത് മുതലെടുക്കുന്നതിനായി കൂടുതൽ മോഷ്ടാക്കൾ ജില്ലയിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്.