
വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവം: മകൾ അഖിലയെ വിവാഹം കഴിച്ചുനൽകാമെന്ന വാഗ്‌ദാനം നൽകി യുവാവിനെ സഹായിയായി കൂടെക്കൂട്ടി; കവർച്ചയിൽ പ്രതിയുടെ മക്കൾക്കും പങ്ക്; കോടതി നിർദേശപ്രകാരം കീഴടങ്ങിയ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി
കുട്ടനാട്: മാമ്പുഴക്കരിയിൽ അറുപത്തിരണ്ടുകാരി കൃഷ്‌ണമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ കോടതി നിർദേശപ്രകാരം കീഴടങ്ങിയ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. കൃഷ്‌ണമ്മയുടെ സഹായിയായി നിന്ന നെയ്യാറ്റിൻകര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപയുമായി (41) ട്ടാണ് തെളിവെടുപ്പു നടത്തിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട ദീപയും മകൾ അഖിലയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ഇരുവരോടും നിർദേശിച്ചു. ഇതനുസരിച്ച് 21ന് ദീപ രാമങ്കരി സിഐക്കു മുന്നിൽ ഹാജരായി. രാമങ്കരി കോടതിയിൽ റിമാൻഡു ചെയ്ത ദീപയെ അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കുറച്ചുനാളത്തെ പരിചയത്തെത്തുടർന്ന് കൃഷ്‌ണമ്മയുടെ വിശ്വാസമാർജിച്ച ദീപ കവർച്ചയ്ക്ക് ഒരാഴ്‌ച മുൻപ് വീട്ടിൽ സഹായിയായി നിൽക്കുകയായിരുന്നു. കവർച്ചയ്ക്കുശേഷം ഇവരെ കാണാതായതോടെ ഇവരുടെ പങ്ക് പോലീസ് സംശയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവർച്ചയിൽ പങ്കാളിയായ രാജേഷിനെ സംഭവം നടന്ന ഫെബ്രുവരി 19നു പകൽ തന്നെ പോലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്‌തപ്പോൾ സംഭവത്തിൽ കൂടുതൽ വ്യക്തത വന്നു. ദീപയെക്കൂടാതെ മക്കളായ അഖിലും അഖിലയും കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പോലീസിനു മനസ്സിലായി.
തുടർന്ന്, ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ദീപ കവർച്ച ആസൂത്രണം ചെയ്‌ത് സഹായിയായി രാജേഷിനെ വിളിക്കുകയായിരുന്നു. വിസമ്മതം പ്രകടിപ്പിച്ചപ്പോൾ മകൾ അഖിലയെ വിവാഹം കഴിച്ചുനൽകാമെന്ന വാഗ്‌ദാനം നൽകി കവർച്ചയ്ക്കു പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതി രാജേഷ് പോലീസിനോടു പറഞ്ഞത്. രാജേഷിന്റെ മൊഴിപ്രകാരം നടത്തിയ തിരച്ചിലിൽ അഖിൽ തിരുവനന്തപുരത്തുനിന്ന് പോലീസിൻ്റെ പിടിയിലായിരുന്നു.
പക്ഷേ നിയമസഹായം ലഭ്യമായെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് അഖിൽ പോലീസിനോട് ഇടപെട്ടത്. പരസ്‌പരവിരുദ്ധമായി പോലീസിനെ കുഴക്കുന്ന തരത്തിലാണ് അഖിൽ മൊഴി കൊടുത്തത്. ബിസിനസ് രംഗത്തെ ഉന്നതരായ പലരുടെയും മക്കളെ കേസിൽ കുടുക്കാൻ ഇയാൾ ശ്രമിച്ചു. സത്യമറിയാൻ ഇവരിൽ പലരെയും വിളിച്ചുവരുത്തി പോലീസിന് ചോദ്യം ചെയ്യേണ്ടി വന്നു. അന്വേഷണത്തിൽ കെട്ടിച്ചമച്ച മൊഴിയാണ് ഇതെന്ന് മനസ്സിലാക്കി പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു.
തിങ്കളാഴ്ച അഖിലിനെയും രാജേഷിനെയും കസ്റ്റഡിയിൽ കിട്ടാൻ പോലീസ് വീണ്ടും അപേക്ഷ നൽകും. ഒരുതവണ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇനി ദീപയുടെ ഒപ്പമിരുത്തി ശാസ്ത്രീയമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഫെബ്രുവരി 19ന് പുലർച്ചെ രണ്ടുമണിയോടെ കൃഷ്ണമ്മയെ മർദ്ദിച്ച് കെട്ടിയിട്ട് മൂന്നരപ്പവൻ്റെ സ്വർണം, 36,000 രൂപ, എടിഎം കാർഡ്, ഓട്ടുപാത്രങ്ങൾ എന്നിവയാണ് പ്രതികൾ കവർന്നത്.