
ചരിത്രത്തിന്‍റെ തിരുശേഷിപ്പായി നീര്‍പ്പാറയിലെ കൊതിക്കല്ല്; സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖിക
തലയോലപ്പറമ്പ്: ചരിത്രത്തിന്‍റെ തിരുശേഷിപ്പായി നീര്‍പ്പാറയില്‍ നിലകൊള്ളുന്ന കൊതിക്കല്ല് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യവുമായി നാട്ടുകാർ.
മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലയളവില്‍ തിരുവിതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയില്‍ ‘കൊതി’ എന്നുകൊത്തിയ ഒരു കല്ലായിരുന്നു അതിര് നിശ്ചയിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാലത്ത് കൊച്ചിയെ അപേക്ഷിച്ച് തിരുവിതാംകൂറില്‍ പുകയിലക്കും ശര്‍ക്കരക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവായിരുന്നു. ഇതിനാല്‍ തിരുവിതാംകൂറില്‍ നിന്ന് കൊച്ചിയിലേക്ക് വന്‍തോതില്‍ പുകയിലയും ശര്‍ക്കരയും കടത്തിയിരുന്നു.
രാജ്യസുരക്ഷക്കും കള്ളക്കടത്ത് തടയുന്നതിനുമായി 1737ല്‍ തിരുവിതാംകൂറില്‍ രാമയ്യന്‍ ദളവ 12 അടി ആഴത്തില്‍ കിടങ്ങും ഇതിനുചുറ്റും ഇല്ലികളും വെച്ചുപിടിപ്പിച്ച് അതിര് തീര്‍ക്കുകയും ചെയ്തു.
നാട്ടുരാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ചെക്ക് പോസ്റ്റും ചാലാശ്ശേരി മുതല്‍ വാലാത്തല വരെ ഒമ്പതോളം എക്സൈസ് സ്റ്റേഷനുകളും പെട്ടിയാഫീസും ആയുധധാരികളായ ശിപായിമാരെയും നിയമിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
1952ല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സംയോജിത കേരളം നിലവില്‍ വന്നതോടെ ജനകീയ സര്‍ക്കാര്‍ ഇല്ലിക്കോട്ടപ്പുറം ഭൂമിയും ഏറ്റെടുത്തു. രാമയ്യന്‍ ദളവ ഉപയോഗിച്ചിരുന്ന വാള്‍ പുരാവസ്തു ഗവേഷണ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
യുദ്ധസമയത്ത് രക്ഷപ്പെടുന്നതിനായി നിര്‍മിച്ച ഭൂഗര്‍ഭ ഗുഹകളുടെയും എക്സൈസ് ഓഫീസര്‍മാര്‍ ഉപയോഗിച്ച ഓഫീസിന്‍റെയും കരിങ്കല്‍ പാത്രങ്ങളുടെയും ഏതാനും ഭാഗങ്ങള്‍ ഇന്നിവിടെ തെളിവായി നിലകൊള്ളുന്നു. ഇവയെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.