
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് നീക്കിയതില്‍ പ്രതികരണവുമായി ടി ഗീനാ കുമാരി. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നാണ് ഗീനാ കുമാരിയുടെ വാദം.
നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ഗീനാ കുമാരി പറഞ്ഞു. നൂറുകണക്കിന് കേസുകള്‍ ഒമ്പതര വര്‍ഷം സര്‍ക്കാരിന് വേണ്ടി താന്‍ വാദിച്ചെന്നും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കേസുകള്‍ കൈകാര്യം ചെയ്‌തെന്നും ഗീനാ കുമാരി പറഞ്ഞു.
ഒരിക്കല്‍പ്പോലും എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ എന്‍ഡിഎ എന്നോ വിവേചനം താന്‍ കാണിച്ചിട്ടില്ലെന്നും ഇനിയും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും ഗീനാ കുമാരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
എല്‍ഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ പരാതി നല്‍കിയിരുന്നു.
പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണര്‍ പരാതിയില്‍ പറഞ്ഞത്. പൊലീസ് റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി വാദിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് ഗീനാ കുമാരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞിരുന്നു. ജാമ്യത്തിനെതിരെയുളള പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.ഇതോടെയാണ് ഗീനാകുമാരിയെ നീക്കാന്‍ തീരുമാനമായത്.







