
കോട്ടയം: കുറഞ്ഞ ചെലവില്‍ ഗോവയിലേക്കൊരു കിടിലൻ യാത്ര പുറപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഇപ്പോൾ അതിനൊരു സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസി.
ഗോവയിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി കെഎസ്‌ആർടിസിയുടെ കോട്ടയം ബജറ്റ് സെല്‍.
ജൂണ്‍ 24 മുതല്‍ 27 വരെ നീളുന്ന നാല് ദിവസത്തെ ഗോവ ടൂർ പാക്കേജാണ് സെല്‍ അവതരിപ്പിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയുടെ ഭാഗമായി രണ്ട് പകലും ഒരു രാത്രിയും ഗോവയില്‍ ചെലവിടാനാകും. മിതമായ ചെലവില്‍ ഒരു ഗോവൻ യാത്ര മനസിലുണ്ടെങ്കില്‍ പാക്കേജ് തിരഞ്ഞെടുക്കാം.
യാത്ര ഇങ്ങനെ
24 ബുധനാഴ്ച രാവിലെ 5 മണിക്ക് കോട്ടയം ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക.. രാത്രി 10 മണിയോടെ കേരള-കർണാടക അതിർത്തിയായ തലപ്പാടി ചെക്‌പോസ്റ്റില്‍ എത്തും. അവിടെ നിന്ന് കെ.ടി.ഡി.എസ്. ഒരുക്കുന്ന എസി ബസിലായിരിക്കും പിന്നീടുള്ള യാത്ര. പിറ്റേന്ന് രാവിലെ നോർത്ത് ഗോവയില്‍ എത്തിച്ചേരും.
രാവിലെ ഫ്രഷ് ആയതിന് ശേഷം ഗോവൻ കാഴ്ചകള്‍ ആസ്വദിച്ച് തുടങ്ങാം. അഗൗഡ ഫോർട്ട്, കലങ്കോട് ബീച്ച്, അൻജുന ബീച്ച്, വാഗത്തൂർ ബീച്ച് എന്നിവിടങ്ങളാമ് ആദ്യ ദിവസം സന്ദർശിക്കുക. ചരിത്രവും കടല്‍ത്തീര ഭംഗിയും ഒരുമിക്കുന്ന ഈ സ്ഥലങ്ങള്‍ ഗോവയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങളിലൊന്നാണ്. ആദ്യ ദിവസത്തെ സന്ദർശനങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഹോട്ടലില്‍ താമസ സൌകര്യം ഒരുക്കിയിട്ടുണ്ടാകും.
ഒരു മുറിയില്‍ നാല് പേർക്കാണ് താമസം. ഒരു ക്വീൻ സൈസ് ബെഡും ഒരു സോഫാ ബെഡുമാണ് ലഭിക്കുക. രാത്രി സമയം താല്‍പര്യമുള്ളവർക്ക് സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും ബാഗാ ബീച്ചിലെ നൈറ്റ് ലൈഫ് ആസ്വദിക്കാനും കഴിയും.
രണ്ടാം ദിവസം സൗത്ത് ഗോവയിലെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് യാത്ര. ഓള്‍ഡ് ഗോവയിലെ ചരിത്രപ്രസിദ്ധമായ പള്ളികള്‍, പഞ്ജിം സിറ്റി, മീരാമർ ബീച്ച്, ഡോണ പോള ജെട്ടി എന്നിവ സന്ദർശിച്ച ശേഷമാകും മടക്കയാത്ര.
ഗോവയില്‍ ചെലവിടുന്ന രണ്ട് ദിവസങ്ങളിലെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയും ഒരു ദിവസത്തെ താമസവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യാത്ര ആരംഭിക്കുന്ന ദിവസത്തെയും മടക്കയാത്രാ ദിവസത്തെയും ഭക്ഷണച്ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. ഗോവയിലെ വാട്ടർ സ്പോർട്സ് ഉള്‍പ്പെടെയുള്ള ആക്ടിവിറ്റികള്‍ക്കും പ്രത്യേക നിരക്കാണ് ബാധകമാകുക.
കോട്ടയം മുതല്‍ കാസർഗോഡ് അതിർത്തി വരെ നോണ്‍ എസി ബസും തുടർന്ന് ഗോവ വരെ എസി ബസും ഉള്‍പ്പെടുന്ന പാക്കേജിന് ഒരാള്‍ക്ക് 8,500 ആണ് നിരക്ക്. യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ എസി ബസ് സൗകര്യം തിരഞ്ഞെടുക്കുന്നവർ 9,250 നല്‍കണം.
അതേസമയം, കുറഞ്ഞത് 35 യാത്രക്കാർ രജിസ്റ്റർ ചെയ്താല്‍ മാത്രമേ യാത്ര നടത്തുകയുള്ളൂവെന്ന് കെഎസ്‌ആർടിസി അറിയിച്ചു. ജൂണ്‍ 17-നാണ് ബുക്കിങ് അവസാനിക്കുക. അന്നത്തെ ബുക്കിങ് സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും യാത്ര സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. ബുക്കിങ് സ്ഥിരീകരിക്കുന്നവരെ “240526 ഗോവ” എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ഗ്രൂപ്പില്‍ ചേർന്നതും പണമടച്ചതുമായ ക്രമത്തില്‍ സീറ്റ് അനുവദിക്കുകയും ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 808915178 എന്ന നമ്പറില്‍ വാട്‌സ്‌ആപ്പ് വഴി ബന്ധപ്പെടാം.







