
തൃശൂർ: സംസ്ഥാന സർക്കാരിന്റെ പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര പദ്ധതി ആരംഭിച്ചതുമുതല്‍ തന്നെ സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായെന്ന് ബസ് ഉടമകള്‍.
പദ്ധതിയുടെ ആദ്യ ദിനം ആയ ഇന്നലെ ഇന്ധനത്തിനുള്ള കളക്ഷൻ പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാനായില്ല എന്നും ബസുടമകള്‍ പറയുന്നു. കൃത്യം കണക്കുകള്‍ ഇന്ന് അറിയാമെന്നും സ്വകാര്യ ബസ്സുടമകള്‍ പറഞ്ഞു. സ്ത്രീകള്‍ക്കുള്ള കെഎസ്‌ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി നടപ്പിലായതിന് പിന്നാലെ സ്വകാര്യ ബസുടമകള്‍ തൃശൂരില്‍ അടിയന്തര അവലോകന യോഗവും ചേർന്നിരുന്നു. ഇന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗവും നടക്കും.
സർവീസ് നിർത്തി സമരം ചെയ്യുന്നത് പരിഗണനയിലാണെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സന്ദർശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ചയ്ക്കു ശേഷം വിഡി സതീശനെ നേരില്‍ കാണുമെന്നും നിർദ്ദേശങ്ങള്‍ സമർപ്പിക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു. അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്വകാര്യ ബസ്സുടമകള്‍ പറഞ്ഞു.
ജൂണ്‍ 15 തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയുടെ ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് നടപ്പിലായത്. തമ്പാനൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസില്‍ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. പദ്ധതിമൂലം കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് ഓരോ മാസവും നല്‍കും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടർന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മെയ് പതിനഞ്ച് മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പറഞ്ഞ വാക്ക് പാലിച്ചു എന്നായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്.







