Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി എം.പി. ഇവിടെ സല്യൂട്ടല്ല പ്രശ്‌നം. ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

‘സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ സൗമ്യമായാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. സാർ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്റെ മുൻപിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്റെ വണ്ടിയാണെന്നാണ് ഞാൻ കരുതിയത്.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ മരം വെട്ടിയിട്ടത് മാറ്റാൻ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാൻ ഞാൻ പറഞ്ഞു. അപ്പോഴാണ് ഒല്ലൂർ പൊലീസിന്റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്‌ഐയോ സിഐയോ ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്‌ഐ ഇറങ്ങിവന്നപ്പോൾ ഞാൻ പറഞ്ഞു.

ഞാൻ എംപിയാണ്, എനിക്ക് സല്യൂട്ടിന് അർഹതയുണ്ട്. സൗമ്യമായാണ് ഞാൻ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാൻ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ രാജ്യസഭാ ചെയർമാനെ അറിയിക്കൂ. അദ്ദേഹമാണെന്റെ ലീഡർ’ സുരേഷ് ഗോപി വ്യക്തമാക്കി.

എംപിക്കും എംഎൽഎക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ കാക്കിയിട്ടയാൾ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവൻ അവന്റെ ജോലി കൃത്യമായി ചെയ്താൽ മതി.

അത് ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. നാട്ടിലിങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കിൽ പാലിക്കപ്പെടണം. സല്യൂട്ടല്ല പ്രശ്‌നം. അത്രയും നേരം എന്റെ മുൻപിലൊരു വണ്ടി കൊണ്ടുവന്നിട്ടിട്ട് അതിൽ തന്നെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ സാമാന്യ മര്യാദയില്ലേ? താൻ ക്ഷോഭിച്ചില്ലല്ലോ. സൗമ്യമായിട്ടല്ലേ പറഞ്ഞത്? അതിലെന്താ തെറ്റെന്നും സുരേഷ് ഗോപി ചോദിച്ചു.