
തിരുവനന്തപുരം: നിതിൻ രാജിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് ഹർത്താല്‍.
തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
അടൂരില്‍ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
നെടുമങ്ങാടും കെഎസ്ആർടിസി ബസുകള്‍ ഹർത്താല്‍ അനുകൂലികള്‍ തടഞ്ഞു.
ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എന്നാല്‍, ഇരുചക്ര വാഹനങ്ങള്‍
കടത്തിവിടുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തും, കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങള്‍ തടഞ്ഞു.
അതേസമയം, ഹർത്താല്‍ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തില്‍ ഓടുന്നുണ്ട്. ജില്ലയില്‍ ഇതുവരെ മറ്റു പ്രശ്നങ്ങളില്ല.
തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകേണ്ട ഒരു സ്ത്രീയെ പൊലീസ് ബസില്‍ നിന്ന് ഇറക്കി. ഇവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാവിലെ ആറു മണിക്കാണ് ഹർത്താല്‍ ആരംഭിച്ചത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹർത്താല്‍. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താല്‍ നടത്തുന്നത്.
അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.







