
പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുകയാണ്. 108 ആംബുലന്‍സില്‍ മാത്രം 21 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് അഞ്ച് പേരെയും തിരുവനന്തപുരത്ത് മൂന്ന് പേരെയും ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ രണ്ട് പേരെ വീതവും പാലക്കാടും വയനാടും കോട്ടയത്തുമായി ഓരോരുത്തരെയുമാണ് പാമ്പ് കടിയേറ്റ നിലയില്‍ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാമ്പുകടിയേറ്റെന്ന സംശയത്തില്‍ കോഴിക്കോട് മൂന്നു പേരെയും, തിരുവനന്തപുരത്ത് രണ്ട് പേരെയും, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഓരോരുത്തരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂട് അസഹനീയമായി ഉയരുന്നതിനിടെയാണ് പാമ്പു കടിയേൽക്കുന്ന കേസുകളും വർധിക്കുന്നത്. ഈ സാഹചര്യത്തിൽ കർശന ജാഗ്രത എല്ലാവരും എടുക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് ഉൾപ്പടെ നിർദ്ദേശം നൽകിയിട്ടുണ്ട്.






