Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോവിഡ് 19 ഭീതിയിലും ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്താൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ജില്ലയിൽ 257 എസ്.എസ്.എൽ.സി പരീക്ഷാ കേന്ദ്രങ്ങളിലായി 19,902 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയും,133 ഹയർ സെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങളിലായി നാൽപ്പത്തി മൂവായിരത്തോളം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എൻ.എസ്.എസ് , എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിൽ 1,30,000 മാസ്‌ക്കുകൾ വിതരണത്തിനു തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ വിദ്യാർത്ഥികളും അധ്യാപകരും ശ്രദ്ധിക്കേണ്ട കരുതൽ മാർഗ നിർദ്ദേശങ്ങൾ പ്രേത്യേകം പ്രിന്റ് ചെയ്തു നൽകുന്നുമുണ്ട്. ജില്ലയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ ക്വാറന്റൈൻ സെന്ററുകളായി പ്രവർത്തിച്ചിരുന്നു. ആ സെന്ററുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്.

കോരുത്തോട് പഞ്ചായത്തിലെ കണ്ടൈൻമെൻറ് സോണുകളിലുള്ള അധ്യാപകർക്കും കുട്ടികൾക്കും ഗതാഗതം അനുവദിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകളിൽ അധ്യാപകരും, രക്ഷകർതൃ സമിതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഫയർ ഫോഴ്‌സ് സ്‌കൂളുകൾ അണുവിമുക്തമാക്കും.

ജില്ലാ പഞ്ചായത്തിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്‌കൂളുകൾക്ക് ആവശ്യമുള്ള സാനിറ്റൈസറുകൾ ജില്ലാ പഞ്ചായത്ത് നൽകും. സ്‌കൂളുകൾക്കുള്ള സാനിറ്റൈസർ ബോട്ടിലുകൾ ഇരുപത്തിയഞ്ചാം തീയതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറും.

തുടർന്ന് അന്നേദിവസം തന്നെ സാനിറ്റൈസറുകൾ സ്‌കൂളുകളിൽ എത്തിക്കും. രക്ഷകർത്താക്കളുടെയും, കുട്ടികളുടെയും സംശയ നിവാരണത്തിനും സഹായത്തിനും അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ വാർ റൂം ക്രമീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകളും ഉണ്ട്.

യാത്രാ സഹായ സൗകര്യം ഉൾപ്പെടെ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ജില്ലാ പഞ്ചായത്ത് മെമ്പർമാരും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും സജീവമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ രാജ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.ജെ പ്രസാദ്, എസ്.എസ്.കെ, ഡി.പി.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.