Spread the love

ക്രൈം ഡെസ്‌ക്

video
play-sharp-fill

കോട്ടയം: ഏറ്റുമാനൂരിൽ ക്വട്ടേഷൻ സംഘാംഗങ്ങൾക്കു വിതരണം ചെയ്യുന്നതിനായി എത്തി. 65 കിലോ കഞ്ചാവുമായി മൂലവട്ടം വൈക്കം സ്വദേശികളായ രണ്ടു പേർ പിടിയിൽ. ലോക്ക് ഡൗണിൽ പുസ്തകങ്ങൾ എത്തിക്കുന്നതിന്റെ മറവിൽ ജില്ലയിൽ എത്തിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഏറ്റുമാനൂർ പാറോലിച്ചൽ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കോട്ടയം മൂലവട്ടം തെക്കേക്കുറ്റിക്കാട്ടിൽ പ്രദീപിന്റെ മകൻ അനന്തു (24), വൈക്കം കല്ലറ പുതിയകല്ലുമടയിൽ റെജിമോൻ മകൻ അതുൽ (29) എന്നിവരെയാണ് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രയിൽ നിന്നും ബംഗളൂരുവിലെ യലഹങ്കയിൽ എത്തിക്കുന്ന കഞ്ചാവ്, ടെക്സ്റ്റ് ബുക്കുകളുടെ മറവിൽ കോട്ടയത്ത് എത്തിച്ചു ഗുണ്ടാ സംഘങ്ങൾക്കു വിതരണം ചെയ്യുകയായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്നു എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. യലഹങ്കയിലേയ്ക്കു സംഘം കഴിഞ്ഞ ദിവസം ലോറിയിൽ യാത്ര തിരിച്ചതായി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു.

തുടർന്നു ദിവസങ്ങളായി സ്‌ക്വാഡ് അംഗങ്ങൾ ഇവരുടെ നീക്കങ്ങൾ പിൻതുടർന്നു വരികയായിരുന്നു. എൻസിആർടിയുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുസ്തകങ്ങൾ എടുക്കാനായാണ് സംഘം ബംഗളൂരുവിലേയ്ക്കു പോയിരുന്നത്. ഇവിടെ എത്തുന്ന സംഘം രണ്ട് ടാർപോളിൻ കയ്യിൽ കരുതിയിരുന്നു.

ഈ ടാർപോളിനിൽ ഒന്ന് ഉപയോഗിച്ച് പുസ്തകങ്ങൾ മൂടി വയ്ക്കും. മറ്റൊരു ടാർപോളിൻ ഉപയോഗിച്ച് കഞ്ചാവ് പൊതിഞ്ഞ് പുസ്തകത്തിനൊപ്പം സൂക്ഷിക്കും. കൊച്ചിയിലേയ്ക്കു പുസ്തകം എത്തിക്കുന്ന വ്യാജേനെ അതിർത്തി കടക്കുന്ന പ്രതികൾ കഞ്ചാവ് പൊതികൾ ഏറ്റുമാനൂരിൽ എത്തിച്ച് ഗുണ്ടാ സംഘങ്ങൾക്കു കൈമാറും. തുടർന്നു തിരികെ എറണാകുളത്ത് എത്തി പുസ്തകം ഇറക്കും. ഇത്തരത്തിലാണ് പ്രതികൾ കഞ്ചാവ് വിതരണം ചെയ്തിരുന്നത്.

പ്രതികൾ ജില്ലയിലേയ്ക്കു വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതും, നേരത്തെ എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികൾക്ക് അടക്കം കഞ്ചാവ് എത്തിക്കുന്നതായും എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നു എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സി.ആർ മുകേഷ്‌കുമാർ, കെ.വി വിനോദ്, പ്രിവന്റീവ് ഓഫിസർ മധുസൂധനൻ നായർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജെസിം, സുബിൻ, രാജേഷ്, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അടുത്ത ദിവസം തന്നെ കോടിതിയിൽ ഹാജരാക്കും.