
പ്രതിപക്ഷത്തായിരുന്നപ്പോൾ എൻഎച്ച്‌എഐ എഞ്ചിനീയർക്കെതിരെ ചെളിവാരിയെറിഞ്ഞ കേസിൽ മന്ത്രി നിതേഷ് റാണെ കുറ്റക്കാരനാണെന്ന് സിന്ധുദുർഗിലെ കോടതി വിധിച്ചു. നിയമസഭാംഗങ്ങൾ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തെ തടവ് ശിക്ഷയും വിധിച്ചു. 2019ലായിരുന്നു സംഭവം. ശിക്ഷ വിധിച്ചെങ്കിലും അപ്പീൽ നൽകുന്നതിനായി ശിക്ഷ താൽക്കാലികമായി മാറ്റിവെച്ചു. അതേസമയം കേസിലെ മറ്റ് 29 പ്രതികളെ കുറ്റവിമുക്തരാക്കി. ജനങ്ങൾ നേരിടുന്ന അസൗകര്യങ്ങൾക്കുമെതിരെ ശബ്ദമുയർത്തുക എന്നതായിരുന്നു റാണെയുടെ ഉദ്ദേശ്യമെങ്കിലും, ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ പാടില്ലായിരുന്നുവെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിഎസ് ദേശ്മുഖ് പറഞ്ഞു.
മന്ത്രിയുടെ നടപടിയെ അധികാര ദുർവിനിയോഗമെന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം പ്രവണത നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. കലാപമുണ്ടാക്കൽ, പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി 30 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടക്കുമ്പോൾ മന്ത്രി കോൺഗ്രസ് എംഎൽഎയായിരുന്നു.






