Spread the love

തിരുവനന്തപുരം: ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…..’ നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്.

video
play-sharp-fill

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന് ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

2021ല്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ‘വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ’ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാല്‍ ഉറക്കെ പ്രഖ്യാപിച്ച്‌ വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞ ചടങ്ങില്‍ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയർന്ന വിമ‍ശനം. സത്യപ്രതിജ്ഞക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് വിഡി സതീശനെതിരെ ആദ്യ വിമ‍ര്‍ശനം ഉയര്‍ന്നത്.

പഞ്ച് കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ്‌ ആകുന്നതാണ് കുറേക്കൂടി ഇന്ക്ലൂസീവ് എന്ന് കോണ്‍ഗ്രസ്‌ നേതാവായ ജിന്‍റോ ജോണ്‍ വിമര്‍ശിച്ചു. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് വി ആർ അനൂപും വിമര്‍ശനം ഉന്നയുയിച്ചു. മുൻ സത്യപ്രതിജ്ഞകളില്‍ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോള്‍ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു.

എന്നാല്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമ‍ർശനങ്ങളോട് വൈകാരികമായിട്ടാണ് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചത്. അച്ഛന്‍റെ മുഴുവന്‍ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍റെ മറുചോദ്യം. അച്ഛന്‍റെ മുഴുവന്‍ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാൻ എംഎല്‍എ ആകുന്നതിന് മുമ്പ് മരിച്ച്‌ പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എന്‍റെ ഫുള്‍ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പമെന്നും പാസ്പോർട്ടില്‍ അങ്ങനെ അല്ലേ എന്നും വിഡി സതീശൻ ചോദിക്കുന്നു.