
തിരുവനന്തപുരം: മുൻ സർക്കാർ അനുവദിച്ച എസ് എൻ ട്രസ്റ്റിന്റെ 85 കോളജ് അധ്യാപക തസ്തികകൾ റദ്ദാക്കണമെന്ന് ആവശ്യം.
നടപടി ചട്ടവിരുദ്ധമെന്നും സർക്കാർ ഖജനാവിന് 15 കോടിയുടെ അധിക ബാധ്യത വരുത്തുന്നതെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.
എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുൻപാണ് എസ് എൻ ട്രസ്റ്റിനു കീഴിലുളള കോളജുകൾക്ക് മാത്രമായി അധിക തസ്തികകൾ അനുവദിച്ചത്.
മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നേരിട്ട് അദാലത്ത് നടത്തിയാണ് എസ് എൻ ട്രസ്റ്റിനു കീഴിലുളള കോളജുകൾക്ക് 85 അധ്യാപക തസ്തികകൾ അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടുമുൻപുളള അധ്യയന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കി വേണം പുതിയ തസ്തികകൾ അനുവദിക്കാനെന്നാണ് വ്യവസ്ഥ.
എന്നാൽ എസ്എൻ ട്രസ്റ്റിന്‍റെ കാര്യത്തിൽ 2022 ലെ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് തസ്തികകൾ അനുവദിച്ചതെന്നാണ് പരാതി.
ഇത് ഗൌരവമായ ക്രമക്കേടാണെന്നും തസ്തിക അനുവദിച്ച നടപടി റദ്ദാക്കണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിയുടെ ആവശ്യം. തീരുമാനം സർക്കാർ ഖജനാവിന് പ്രതിവർഷം 15 കോടിയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികളുടെ കുറവ് ചൂണ്ടിക്കാട്ടി നിലവിൽ സർക്കാർ കോളജുകളിൽ പോലും പുതിയ അധ്യാപക തസ്തികകൾ അനുവദിക്കുന്നില്ല.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി വിദ്യാർഥികളാണ് നിയമനം ലഭിക്കാതെ പുറത്ത് കാത്തിരിക്കുന്നത്.







