
ഡല്ലാസ്: ഡല്ലാസിലെ ആകാശത്ത് മെസ്സി വീണ്ടും തന്റെ മാന്ത്രിക ഇടംകാലുകൊണ്ട് അവതരിച്ചിരിച്ചപ്പോൾ ലോകകപ്പിന്റെ ചരിത്രത്താളുകൾ അർജന്റീന മറ്റൊരു വിജയക്കൊടി പാറിച്ചു.
ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജെ മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാംപ്യന്മാരായ അർജന്റീന നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത ഉറപ്പിച്ചു.
ലോകം ഉറ്റുനോക്കിയ മത്സരത്തിൽ അമരക്കാരൻ ലയണൽ മെസ്സി അർജന്റീനയുടെ വിജയനായകനായി. മത്സരത്തിൽ വീണ രണ്ട് ഗോളും മെസ്സിയുടെ വകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിൽ മെസ്സി നേടിയ തകർപ്പൻ ഇരട്ട ഗോളുകൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ എഴുപതിനായിരത്തിലധികം വരുന്ന ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു
മത്സരത്തിന്റെ തുടക്കത്തിൽ ഒൻപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ നിരാശയെല്ലാം കാറ്റിൽപ്പറത്തി 38ാം മിനുട്ടിൽ ഫാകുണ്ടോ മെദീന നൽകിയ ഉജ്ജ്വലമായ പാസ് സ്വീകരിച്ച് മെസ്സി പന്ത് ഓസ്ട്രിയൻ വലയിലെത്തിച്ചു.
ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് (16 ഗോളുകൾ) മെസ്സി മറികടന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അൾജീരിയയ്ക്കെതിരേ ഹാട്രിക് നേടി ക്ലോസെയ്ക്കൊപ്പം എത്തിയ മെസ്സി, ഓസ്ട്രിയക്കെതിരെയുള്ള ആദ്യ ഗോളോടെ ആ റെക്കോർഡ് സ്വന്തം പേരിലാക്കി മാറ്റുകയായിരുന്നു.
മത്സരത്തിലുടനീളം റാൾഫ് റാഗ്നിക്കിന്റെ കീഴിലിറങ്ങിയ ഓസ്ട്രിയ അർജന്റീനയെ കടുത്ത പ്രെസ്സിങ്ങിലൂടെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും അർജന്റീനയുടെ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5ാം മിനിറ്റിൽ) അർജന്റീന നടത്തിയ മാരകമായ കൗണ്ടർ അറ്റാക്കിനൊടുവിൽ മെസ്സി തന്റെ രണ്ടാമത്തെ ഗോളും പൂർത്തിയാക്കി
ജൂലിയൻ അൽവാരസിന്റെ ഷോട്ട് ഗോളി തടുത്തതിന് പിന്നാലെ ലഭിച്ച പന്ത് അതിമനോഹരമായ ഫിനിഷിങിലൂടെ മെസ്സി വീണ്ടും വലയിലെത്തിക്കുകയായിരുന്നു
ഈ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആകെ ഗോൾ സമ്പാദ്യം 18 ആയി ഉയർന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം കൈവരിച്ച അർജന്റീന ആറ് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.







