
സ്വന്തം ലേഖകൻ
സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം സൂക്ഷ്മാർഥത്തില്‍ തിരിച്ചറിഞ്ഞ് പെരുമാറിയ രാഷ്ട്രീയനേതാവായിട്ടായിരിക്കും സീതാറാം യെച്ചൂരിയെ ചരിത്രം അടയാളപ്പെടുത്തുക.
സുന്ദരയ്യയില്‍നിന്നും ബസവപുന്നയ്യയില്‍നിന്നും ഇ.എം.എസില്‍നിന്നും ഹർകിഷൻ സിങ് സുർജിത്തില്‍നിന്നും പ്രായോഗിക രാഷ്ട്രീയപാഠങ്ങള്‍ പഠിച്ചെടുത്ത് ഇന്ത്യൻ രാഷ്ട്രീയമുഖത്ത് തന്നാലാവും വിധം ഇടതുപക്ഷത്തെയും സ്വന്തം പാർട്ടിയായ സി.പി.എമ്മിനെയും പിടിച്ചുനിർത്താൻ ശ്രമിച്ച പ്രായോഗികമതിയാണ് യെച്ചൂരി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തരാവസ്ഥക്കാലത്ത് ന്യൂഡല്‍ഹിയിലെ ജവാഹർലാല്‍ നെഹ്റു സർവകലാശാലയില്‍ എസ്.എഫ്.ഐ.യെ നയിച്ചത് സീതാറാമാണ്. അടിയന്തരാവസ്ഥയ്ക്കെതിരേ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുന്നില്‍ പോയിനിന്ന് മുദ്രാവാക്യം വിളിച്ച് പോർവീര്യം കാട്ടി. ജെ.എൻ.യു. രാഷ്ട്രീയക്കളരിയിലെ പരിശീലനം പില്‍ക്കാലത്ത് സ്വന്തം പാർട്ടിക്കകത്തും പുറത്തുംനിന്നുണ്ടായ പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെനിന്ന് പൊരുതാൻ സീതാറാമിനെ പ്രാപ്തനാക്കി. അടിയന്തരാവസ്ഥക്കാലം തൊട്ടേ എസ്.എഫ്.ഐ. നേതാവെന്ന നിലയില്‍ സി.പി.എം. കേന്ദ്രനേതൃത്വത്തിനൊപ്പം പ്രവർത്തിക്കാൻ സീതാറാമിന് അവസരം ലഭിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിനെതിരേ പ്രതിപക്ഷശബ്ദം ഏറ്റവും ശക്തിയായി മുഴങ്ങുന്നതും കോണ്‍ഗ്രസിതര മന്ത്രിസഭ ആദ്യമായി അധികാരത്തിലേറുന്നതുമായ ചരിത്രവഴിത്തിരിവുണ്ടാക്കിയത് അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ മൊറാർജി ദേശായിയുടെ ജനതാമന്ത്രിസഭ അധികാരമേറി അധികം വൈകാതെ സി.പി.എമ്മിന്റെ ജനറല്‍സെക്രട്ടറിയായി ഇ.എം.എസ്. എത്തി. ഇക്കാലത്തുതന്നെയാണ് ബംഗാളിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭ അധികാരമേറുന്നത്.
ഇടതുപക്ഷവും സി.പി.എമ്മും രാജ്യത്ത് പ്രബലമായിത്തുടങ്ങിയ കാലം. 1984-ല്‍ കേന്ദ്രകമ്മിറ്റിയിലെത്തിയ സീതാറാം 1985-ല്‍ പി.ബി.യെ സഹായിക്കാൻ രൂപവത്കരിച്ച അഞ്ചംഗ സെക്രട്ടേറിയറ്റിലും അംഗമായി. ഇ.എം.എസിനെ അടുത്തുനിന്ന് കണ്ടും കേട്ടും പഠിച്ചു. പ്രകാശ് കാരാട്ടും എസ്.ആർ.പി.യുമുണ്ടായിരുന്നു കൂടെ.
അടിയന്തരാവസ്ഥയ്ക്ക് പിന്നാലെയുണ്ടായ തിരിച്ചടിയെ അതിജീവിച്ച് ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും രാജ്യത്തെ രാഷ്ട്രീയസാഹചര്യം മറ്റൊരു ദശാസന്ധിയിലേക്ക് വഴിമാറിത്തുടങ്ങുന്നുണ്ടായിരുന്നു. കേരളത്തിലും മറ്റും മുൻപേ തുടങ്ങിയ മുന്നണി രാഷ്ട്രീയപരീക്ഷണത്തിലേക്ക് രാജ്യം വഴിമാറുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് 1984-ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നത്.
പിന്നാലെ സഹതാപതരംഗത്തില്‍ മകൻ രാജീവ് ഗാന്ധി ചരിത്രഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും 1989-ല്‍ രാജ്യം ആദ്യമായി മുന്നണിസർക്കാരിനെ പരീക്ഷിച്ചു. വി.പി. സിങ് മന്ത്രിസഭയിലൂടെ. അപ്പോഴേക്ക് ഇ.എം.എസ്.മാറി ഹർകിഷൻ സിങ് സുർജിത് സി.പി.എം. ജനറല്‍ സെക്രട്ടറിപദമേറ്റെടുത്തിരുന്നു. വി.പി. സിങ് മന്ത്രിസഭയെ താങ്ങി നിർത്തിയ പ്രധാനകക്ഷിയായി മാറി സി.പി.എം.
പിന്നീട് 1996-ലെ ഐക്യമുന്നണിസർക്കാർ, 2004-ലെ ഒന്നാം യു.പി.എ. സർക്കാർ എന്നിവയ്ക്ക് പിന്നിലും നിർണായക ശക്തിയായി സി.പി.എം. തിളങ്ങുമ്ബോള്‍ സുർജിത്തായിരുന്നു പാർട്ടിയുടെ തേരാളി. ഈ ഘട്ടങ്ങളിലെല്ലാം സുർജിത്തിനൊപ്പം തോളോടുതോള്‍ ചേർന്ന് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു.
സുർജിത്തിന് കൂടുതലിഷ്ടം പ്രകാശിനോടായിരുന്നെങ്കിലും പ്രത്യയശാസ്ത്ര കാർക്കശ്യത്തിനപ്പുറം പ്രായോഗികരാഷ്ട്രീയത്തിന്റെ അടവുനയങ്ങള്‍ സുർജിത്തില്‍നിന്ന് സൂക്ഷ്മതയോടെ പഠിച്ചുപകർത്തിയത് സീതാറാമാണ്. പില്‍ക്കാലത്ത് വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഇന്ത്യൻ രാഷ്ട്രീയത്തില്‍ സി.പി.എമ്മും ഇടതുപക്ഷവും ക്ഷീണിച്ചുപോയിട്ടും സീതാറാമിന്റെ ഈ പ്രായോഗികസമീപനം അദ്ദേഹത്തിനും സി.പി.എമ്മിനും പ്രതിപക്ഷ രാഷ്ട്രീയഐക്യത്തിന്റെ മുൻനിരയില്‍ കസേരയൊരുക്കിക്കൊടുത്തു.
ഇന്ത്യ-അമേരിക്ക ആണവക്കരാറില്‍ ഒപ്പുവെച്ചതിലുള്ള പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് പ്രകടമാക്കിയാണ് 2008-ല്‍ യു.പി.എ. ഭരണത്തിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചത്. സുർജിത്തിന്റെ പിൻഗാമിയായി പ്രകാശ് കാരാട്ട് ജനറല്‍സെക്രട്ടറിയായിരിക്കെയായിരുന്നു ഈ നിലപാട്. അന്ന് ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു സീതാറാം. സി.പി.എം. നയത്തിന് വിരുദ്ധമായ കരാറിന്റെ പേരില്‍ ഭരണത്തിനുള്ള പിന്തുണ പിൻവലിക്കുന്നത് ഒഴിവാക്കാൻ പാർട്ടിയുടെ ഉപാധികള്‍ സീതാറാം രാജ്യസഭയില്‍ അവതരിപ്പിച്ചു. മൻമോഹൻ സിങ് സർക്കാർ അവ ഏറെക്കുറെ അംഗീകരിക്കുമെന്നായെങ്കിലും പ്രത്യയശാസ്ത്ര കാർക്കശ്യം മുറുകെപ്പിടിച്ച പാർട്ടി കേന്ദ്രനേതൃത്വം ഒരു തരത്തിലും കരാർ അംഗീകരിക്കാനാവില്ലെന്ന് ശാഠ്യം പിടിച്ചു.
നന്ദിഗ്രാം, സിംഗൂർ പ്രശ്നങ്ങളില്‍ ബംഗാളിലും ഇടതുസർക്കാർ തകർച്ചയിലേക്ക് നീങ്ങുന്ന കാലം. ഇടതുപിന്തുണയോടെയുള്ള യു.പി.എ. ഭരണത്തിലൂടെ ചില നല്ല ഇടപെടലുകള്‍ നടത്താനായെന്ന് പറയുമ്ബോഴും പിന്തുണ പിൻവലിച്ച ശേഷമിങ്ങോട്ടുണ്ടായ രാഷ്ട്രീയക്കാറ്റില്‍ ഇടതുപക്ഷം ശുഷ്കിച്ചുപോയതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. അന്ന് പിന്തുണ തുടർന്നിരുന്നെങ്കിലെന്ത് സംഭവിക്കുമായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷേ, സാധാരണ ജനത്തിന് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു വിഷയമുയർത്തി പിന്തുണ പിൻവലിച്ചത് ഇടതുപക്ഷത്തു നിന്നുതന്നെ പില്‍ക്കാലം വിമർശനം ക്ഷണിച്ചുവരുത്തി.







